എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

0

കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനെടുക്കാന്‍ താത്പര്യമുള്ളവരും വാക്‌സിന്‍ അടിയന്തരമായി എടുക്കേണ്ടവരും എന്ന ചര്‍ച്ച തന്നെ ആവശ്യമില്ലാത്ത ഒന്നാണ്. എല്ലാവര്‍ക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശമുണ്ടെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഘട്ടം ഘട്ടമായാണ് പുരോഗമിക്കുന്നത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പിന്നാലെ 60 വയസിന് മുകളിലുള്ളവര്‍ക്കും പിന്നീട് 45 വയസിന് മുകളില്‍ പ്രായമുല്‌ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കല്ല, അടിയന്തിരമായി എടുക്കേണ്ടവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കേണ്ടതെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ നിലപാടിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടര ലക്ഷത്തോട് അടുക്കയാണ്. 1,15,736 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. നവംബര്‍ 5നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 630 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള പതിനാറിലധികം സംസ്ഥാനങ്ങളാണ് പ്രതിദിന കണക്കില്‍ ഡിസംബറിന് ശേഷം വലിയ വര്‍ധന രേഖപ്പെടുത്തിയത്.

രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചും പൊതു സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനങ്ങള്‍. ഒറ്റക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. ജിംനേഷ്യം, പാര്‍ട്ടി ഹാള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് ബംഗളൂരുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാക്‌സിന്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും മഹാരാഷ്ട്രയില്‍ പലയിടത്തും മതിയായ ഡോസ് ഇല്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. മുന്‍ഗണനാക്രമം അനുസരിച്ച് മാത്രമേ ജൂലൈ വരെ വാക്‌സിന്‍ നല്‍കാനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിദിനം കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്രം അറിയിച്ചു. കൊവിഡ് വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ നടക്കും.