കലാശക്കൊട്ടില്ലാതെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും ദേശീയ നേതാക്കളടക്കം കളം നിറഞ്ഞ് നില്‍ക്കുന്ന അങ്കത്തട്ടില്‍ തെരഞ്ഞെടുപ്പ് ചൂട് കൂടി വരികയാണ്. അവസാനഘട്ടത്തിലും ഇടഞ്ഞുനില്‍ക്കുന്നവരെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഈസി വാക്കോവര്‍ സൂചന നല്‍കിയ മണ്ഡലങ്ങളില്‍ പലതും ഇന്ന് മുന്നണികളുടെ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടിയ മട്ടാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള മണിക്കൂറുകള്‍ മുക്കുമൂലകളില്‍ ഓടിയെത്തി വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.
ദേശീയ നേതാക്കളടക്കം അങ്കം കൊഴിപ്പിക്കാനിറങ്ങിയതോടെ മുന്നണികള്‍ പ്രാദേശിക തലങ്ങളിലെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും അവസാനവട്ട തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. വിവാദങ്ങളെ വികസന വിഷയങ്ങളുയര്‍ത്തി കൊണ്ട് പ്രതിരോധിച്ച ഇടതുപക്ഷം തുടര്‍ഭരണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അഭിപ്രായ സര്‍വേകളെല്ലാം പ്രതീക്ഷയോടെ നോക്കികാണുമ്പോഴും അപ്രതീക്ഷിത കരുനീക്കം നടക്കമുമോയെന്ന ഭയവും ജാഗ്രതയും ഇടതുമുന്നണിക്കുണ്ട്.
തുടര്‍ച്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രതിപക്ഷം പരമ്പരാഗത ന്യൂനപക്ഷ നിഷ്പക്ഷ വോട്ടുകള്‍ കയ്യിലുറപ്പിക്കാനുള്ള തത്രപ്പാടിലാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രചാരണത്തില്‍ ഒപ്പമെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം യുഡിഎപിനുണ്ട്. സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും അവസാനവട്ട തരംഗവും തങ്ങള്‍ക്കനുകൂലമാക്കാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ക്രമാനുഗതമായ വളര്‍ച്ചയിലാണ് ബിജെപിയുടെ പ്രതീക്ഷ മുഴുവനും. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം തന്നെ സൃഷ്ടിക്കാന്‍ ബിജെപി കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. ദേശീയ നേതാക്കളുടെ കുത്തൊഴുക്കും വലിയ തരത്തിലുള്ള മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. വാക്‌പോരുകളും വാദപ്രതിവാദങ്ങളും കത്തിനിന്ന പ്രചാരണത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ വരുന്ന ആറിന് ജനം തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി പോളിങ് ബൂത്തിലേക്ക്.