കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നേമത്ത് പ്രചാരണത്തിനെത്തുന്നു. മുമ്പ് പ്രിയങ്ക ഗാന്ധി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രിയങ്ക കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കുകയായിരുന്നു. ഇതിനു ബദലായാണ് രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയത്.
വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന പരാതി കെ മുരളീധരന്‍ മുമ്പ് ഉന്നയിച്ചിരുന്നു. പ്രിയങ്ക ഗാന്ധി ആദ്യം തിരുവനന്തപുരത്ത് വന്നപ്പോഴും നേമത്ത് പ്രചാരണം നടത്തുവാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അത് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ കെ മുരളീധരന്‍ നേരിട്ട് കണ്ട് ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് നേമത്ത് പ്രിയങ്ക പ്രചാരണത്തിന് എത്താമെന്ന് അറിയിച്ചത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കുകയായിരുന്നു. തമിഴ്‌നാട്ടിലും അസമിലും നടത്താനിരുന്ന പ്രചാരണവും പ്രിയങ്ക റദ്ദാക്കിയിട്ടുണ്ട്.