ഇഞ്ചോടിഞ്ച് മത്സരമാണ് തൃശൂര്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്നത്. രണ്ടിടത്ത് ഒഴികെ മറ്റ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് -യുഡിഎഫ് പോരാട്ടമാണെന്നാണ് വിലയിരുത്തല്‍.
ചേലക്കരയില്‍ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, തൃശൂരില്‍ കെ കരുണാകരൻ്റെ മകളും കെപിസിസി വൈസ് പ്രസിഡണ്ടുമായ പത്മജ വേണുഗോപാല്‍, കൊടുങ്ങല്ലൂരില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ടുമായ സന്തോഷ് ചെറാകുളം എന്നിവര്‍ ജില്ലയില്‍ നിന്ന് നിയമസഭയില്‍ എത്തുമെന്ന് ഉറപ്പാണെന്നാണ് വിലയിരുത്തല്‍.
ഇരിങ്ങാലക്കുടയില്‍ ശക്തമായ ത്രികോണ മത്സരമാണ്. ഇവിടെ മുന്‍ ഡിജിപിയും അഴിമതി രഹിത വ്യക്തിയെന്ന് പ്രശസ്തിയുമുള്ള ജേക്കബ് തോമസും മുന്നേറുകയാണ്. എന്നാല്‍ ശക്തമായ ത്രികോണ മത്സരമാണിവിടെ.
ചേലക്കരയില്‍ ആദ്യം അല്‍പ്പം പിന്നിലായിരുന്നു കെ രാധാകൃഷ്ണന്‍ എന്ന നാട്ടുകാരുടെ രാധേട്ടന്‍. എന്നാല്‍ പിന്നീട് നാട്ടുകാരുടെ ഹൃദയം രാധാകൃഷ്ണന്‍ എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃശൂരില്‍ ആദ്യം മുതലേ പത്മജ വേണുഗോപാല്‍ മുന്നിലായിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ വരവോടെ അല്‍പ്പം പിന്നിലായി എന്ന പ്രചാരണം ഉണ്ടായെങ്കിലും പത്മജ വിജയ കുതിപ്പിലാണ് എന്നായി വാര്‍ത്തകള്‍. സര്‍വേകളിലും പത്മജ തന്നെയാണ് മുന്നില്‍. യുഡിഎഫ്- എന്‍ഡിഎ മത്സരമാണ് തൃശൂരില്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കൊടുങ്ങല്ലൂരില്‍ ശക്തമായ ത്രികോണ മത്സരമാണെങ്കിലും നേരിയ ഭൂരിപക്ഷത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി ആര്‍ സുനില്‍കുമാറാണ് മുഖ്യ എതിരാളി.
പുതുക്കാട്, മണലൂര്‍, ചാലക്കുടി, കൈപ്പമംഗലം, നാട്ടിക, ഗുരുവായൂര്‍, കുന്നംകുളം, ഒല്ലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലൊക്കെ യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണ്. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ പ്രചാരണത്തിന്റേതാണ്. തന്ത്രങ്ങളും കുതന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിന്റെ അലയൊലികളും ജില്ലയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കും. ഏപ്രില്‍ ആറിന് ആരെയൊക്കെയാകും വോട്ടര്‍മാര്‍ അനുഗ്രഹിക്കുക എന്നേ ഇനി അറിയാനുള്ളൂ.