സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികള്‍ നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തല്‍ അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വ്യക്തമായ തെളിവുകള്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്നാല്‍ കമ്മീഷൻ്റെ കണ്ടെത്തലില്‍ വ്യാജവോട്ടര്‍മാര്‍ ആയിരങ്ങള്‍ മാത്രം. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പരാതിയില്‍ ഉറച്ചുനില്‍ക്കും. വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ നാളെ പുറത്തുവിടും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരും എല്‍ഡിഎഫും നടത്തുന്നത്. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല.
കള്ളവോട്ട് നടത്താന്‍ ഇക്കുറിയും സിപിഎം മഷി വിതരണം നടത്തുന്നുണ്ട്. പോസ്റ്റല്‍ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ല. പെന്‍ഷന്‍ കൊടുത്ത് വോട്ട് സ്വാധീനിക്കാന്‍ ഇടതു ജീവനക്കാരെ നിയോഗിക്കുന്നു. ബൂത്ത് ഏജൻ്റുമാരെ അറിയിക്കാതെ വോട്ടര്‍മാരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി ചെന്ന് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.