HomeKeralaബംഗാളും അസാമും നാളെ പോളിംഗ് ബൂത്തിലേക്ക്

ബംഗാളും അസാമും നാളെ പോളിംഗ് ബൂത്തിലേക്ക്

ബംഗാളിലെ 30ഉം അസാമിലെ 39ഉം മണ്ഡലങ്ങളില്‍ നാളെ വോട്ടിംഗ് നടക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടമാണ് നിര്‍ണായകമാവുക. അസാമില്‍ ഡെപ്യൂട്ടി സ്പീക്കറും മൂന്ന് മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.

ബംഗാളിലേയും അസാമിലേയും നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘട്ടമാണ് നാളെ നടക്കാനിരിക്കുന്ന രണ്ടാം ഘട്ടം. ബംഗാളില്‍ 3 ജില്ലകളില്‍ നിന്നായി 171 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ടിഎംസി വിട്ട് എത്തിയ സുവേന്ദു അധികാരിയെ വെച്ച് നന്ദി ഗ്രാം തിരികെ പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

ബംഗാളിനെ ഭിന്നിപ്പിക്കുന്ന ബിജെപിയെ നന്ദിഗ്രാമില്‍ നിന്നും സംസ്ഥാനത്ത് നിന്നും നീക്കണമെന്നാണ് മമത ബാനര്‍ജി ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് നന്ദിഗ്രാമില്‍ 67ശതമാനവും ബിജെപിക്ക് 6 ശതമാനവുമായിരുന്നു വോട്ട് വിഹിതം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വോട്ട് വിഹിതം താഴ്ന്നതും നില മെച്ചപ്പെടുത്താനായതുമാണ് ബിജെപിയുടെ ആശ്വാസം.

എക്കാലത്തും കൂടെ നിന്ന സൗത്ത് 24 പര്‍ഗാനയിലെ സീറ്റുകളാണ് തൃണമൂലിന് രണ്ടാം ഘട്ടത്തില്‍ ആത്മവിശ്വാസം കൂട്ടിന്നത്. അഭിനേതാക്കളായ സോഹം ചക്രബര്‍ത്തി, സയന്തിക ബാനര്‍ജി, ഹിരണ്‍മയ് ചത്തോബാധ്യായ എന്നിവരും രണ്ടാം ഘട്ടത്തില്‍ മത്സരിക്കാനുണ്ട്.

അസാമില്‍ 13 ജില്ലകളില്‍ നിന്നും 345 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ അമിനുല്‍ ഹഖ് ലസ്‌കര്‍, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള്‍ ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടി ഇറങ്ങിയിട്ടുണ്ട്. സിഎഎക്ക് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ രോഷം പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

Most Popular

Recent Comments