പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ താന്‍ സമര്‍പ്പിച്ച പരാതിയുടെ വിശദാംശങ്ങള്‍ നാളെ പുറത്തുവിടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വെബ്‌സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ല. സര്‍ക്കാരിന്റെ കള്ളക്കളികളുടെ തെളിവാണിത്. സര്‍ക്കാരുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും റദ്ദാക്കിയിട്ടില്ല. വീണ്ടും അധികാരത്തില്ഡ വന്നാല്‍ കരാര്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ധാരണാപത്രം റദ്ദാക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.
അവസരം കിട്ടിയപ്പോഴെല്ലാം മോദിയെ പുകഴത്തിയ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസ് 28 തവണ 28 തവണ മാറ്റിവെക്കുന്നതിലായിരുന്നു പിണറായി വിജയന്റെ താല്പര്യം. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി വിജയനെന്നും നരേന്ദ്ര മോദിയുമായി ഭായി-ഭായി കളിക്കുകയാണെന്നും കേന്ദ്രത്തില്‍ നിന്നും കേരളത്തിന് വേണ്ടതൊന്നും തന്നെ വാങ്ങിയെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസ് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറിക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.