സ്ഥാനിർത്ഥിയുടെ കാൽ തൊട്ടു വന്ദിച്ച് പ്രധാനമന്ത്രി

0

സ്ഥാനാർത്ഥിയുടെ കാൽ തൊട്ടു വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്ന മോദി എൻഡിഎ  സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി നസീമയുടെ കാലിൽ തൊട്ടു വന്ദിക്കുകയായിരുന്നു. പാലക്കാട് കോട്ട മൈതാനത്ത് വെച്ച് നടന്ന ബിജെപിയുടെ മഹാസമ്മേളനത്തിനിടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ വേദിയിലിരിക്കുമ്പോൾ അപ്രതീക്ഷിതമായാണ് നസീമ വേദിയിലേക്കെത്തുന്നത്. വേദിയെ നോക്കി പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ കൈവീശി കാണിക്കുന്നതിനിടെ നസീമ മോദിയുടെ കാൽ തൊട്ട് വന്ദിക്കാനായി ശ്രമിക്കുകയായിരുന്നു.

45 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം പൂർത്തിയാക്കിയതിനു ശേഷം വേദിയിലെ ജനസാഗരത്തേ മോദിയും മറ്റു നേതാക്കളും കൈവീശി കാണിക്കുകയായിരുന്നു. ഇതിനിടെയാണ് മണ്ണാർക്കാട് മണ്ഡലത്തിൽ അങ്കത്തിനിറങ്ങിയ നസീമ മോദിയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ചത്. എന്നാൽ നസീമ കാൽ തൊട്ട് വന്ദിക്കുന്നതിനിടെ മോദി തിരിച്ച് നസീമയുടെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. പ്രതികരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഇത്തരമൊരനുഭവം അനുഗ്രഹം ആണെന്നുമാണ് സംഭവത്തെ കുറിച്ച് നസീമ പ്രതികരിച്ചത്. എൻഡിഎയിൽ നിന്ന് മത്സരിക്കുന്ന ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥിയാണിവർ.