കേരളത്തില്‍ 38,586 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഎല്‍ഒമാരുടെ പരിശോധനയില്‍ ഇത് കണ്ടെത്തിയെന്നും കമ്മീഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇരട്ട വോട്ട് തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ കോടതി മുമ്പാകെ അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. നാല് ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കമ്മീഷന്റെ അന്വേഷണത്തില്‍, മുപ്പത്തിയെണ്ണായിരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാകാനാണ് സാധ്യതയെന്നും കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. ചെന്നിത്തലയുടെ ഹര്‍ജിയില്‍ കോടതി വിധി നാളെ ഉണ്ടാകും.

തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുകയെന്നത് കമ്മീഷന്റെ ചുമതലയാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടേഴ്‌സ് ലിസ്റ്റ് തിരുത്തുന്നത് പ്രായോഗികമല്ല. ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.