കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ഇരുമുന്നണികളും. സാധാരണക്കാരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. വോട്ട് ലക്ഷ്യം വെച്ചുകൊണ്ടാണ് നേരത്തേ നല്‍കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വെച്ച് തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ലിംഗസമത്വമെന്ന നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന സിപിഐ നേതാവ് ആനിരാജയുടെ പരാമര്‍ശത്തോടുകൂടി ശബരിമല വിഷയം വീണ്ടും പ്രതിപക്ഷം ഉയര്‍ത്താന്‍ തുടങ്ങി.
കിറ്റ് വിതരണവും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടുന്ന അരി വിതരണവും, ക്ഷേമ പെന്‍ഷനും നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതാണ് എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ പ്രധാന പ്രചാരണ വിഷയം. പ്രതിപക്ഷം സാധാരണക്കാരുടെ അന്നം മുടക്കുന്നുവെന്ന പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് ഉയര്‍ത്തിക്കാട്ടി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വീടുകള്‍ കയറിയുള്ള പ്രചരണത്തില്‍ ഈ വിഷയം ചര്‍ച്ചാ വിഷയമാക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് പ്രചരണത്തില്‍ ആയുധമാക്കി തെരഞ്ഞെടുപ്പിലതിനെ ഗുണകരമാക്കി മാറ്റാനാണ് മുന്നണിയുടെ ലക്ഷ്യം.
അതെസമയം, മുമ്പ് കൊടുത്ത് തീര്‍ക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വോട്ട് ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ഇതെല്ലാം ഇപ്പോള്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെയല്ല എതിര്‍ക്കുന്നത്. മറിച്ച് വോട്ട് ലക്ഷ്യം വെച്ച് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീച പ്രവൃത്തികള്‍ തുറന്ന് കാണിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷം അറിയിച്ചു.
അതിനിടെയാണ് ശബരിമലയിലെ ലിംഗ സമത്വ നിലപാടില്‍ മാറ്റമില്ലെന്ന പ്രസ്താവനയുമായി സിപിഐ നേതാവ് ആനി രാജ രംഗത്തെത്തിയത്. ആനി രാജയുടെ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുക.