ഈജിപ്തിലെ സൂയസ് കനാലില്‍ വഴിമുടക്കിയ കപ്പല്‍ രണ്ട് ദിവസത്തിനുള്ളില്‍ നീക്കുമെന്ന് കപ്പല്‍ ഉടമ അറിയിച്ചു. ജപ്പാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമ്പനിയുടെ ഉടമസ്ഥത വഹിക്കുന്ന ഷോയി കിസെന്‍ എന്ന കമ്പനി ഉടമ യുകിതോ ഹിഗാകി വിവരം നല്‍കിയത്. കപ്പല്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇന്നോ നാളേയോ തന്നെ കപ്പല്‍ നീക്കാനാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘കപ്പലിനുള്ളില്‍ വെള്ളം കയറിയിട്ടില്ല. കപ്പലിന് മറ്റു പ്രശ്‌നങ്ങളുമില്ല. കപ്പല്‍ വെള്ളത്തില്‍ നീങ്ങാന്‍ തുടങ്ങിയാല്‍ നീക്കാന്‍ സാധിക്കും. കപ്പല്‍ നീക്കാനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.’ ഹിഗാകി വ്യക്തമാക്കി.
മാര്‍ച്ച് 23ന് നാല് ഫുട്‌ബോള്‍ ഗ്രൗണ്ടിനേക്കാള്‍ വലിപ്പമുള്ള എംവി എവര്‍ഗിവണ്‍ എന്ന കപ്പല്‍ സൂയസ് കനാലില്‍ വിലങ്ങനെ കുടുങ്ങുകയായിരുന്നു. ഇതുമൂലം ഇരുവശങ്ങിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടു. 200ലധികം കപ്പലുകളാണ് ഇതുമൂലം കുടുങ്ങിക്കിടക്കുന്നത്. 350വരെ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ എണ്ണം ഉയരാനാണ് സാധ്യത. എണ്ണ അടക്കമുള്ള സുപ്രധാന ചരക്കുകള്‍ നീക്കുന്ന കപ്പലുകളാണ് ഇവയെല്ലാം. ഗതാഗത തടസ്സംമൂലം ചരക്കുനീക്കത്തിനും തടസ്സമനുഭവപ്പെടുകയാണ്.
എന്നാല്‍ പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യ നാല് പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചരക്കുകളുടെ പ്രാധാന്യമനുസരിച്ച് തരം തിരിക്കുക, ചരക്കു കൂലി നിയന്ത്രിക്കുക, തുറമുഖങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കല്‍, കപ്പലുകളെ വഴിതിരിച്ച് വിടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ നാലിന പദ്ധതി. പെട്രോളിയം ഉല്‍പന്നങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, ഇരുമ്പ് , സ്റ്റീല്‍, ഓട്ടോമൊബൈല്‍, തുണിത്തരങ്ങള്‍,ഫര്‍ണിച്ചര്‍, തുകല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് സൂയസ് കനാലിലൂടെ ഇന്ത്യിലേക്ക് നീങ്ങുന്നത്.