ജാതി സമുദായ ഭേദമില്ലാതെ അന്നും ഇന്നും എല്ലാവർക്കും സ്വീകാര്യനായ നേതാവാണ് കെ കരുണാകരൻ എന്ന് ബ്രാഹ്മണ സഭ പ്രസിഡന്റ് എസ്. ശിവരാമകൃഷ്ണൻ. തൃശൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പത്മജ വേണുഗോപാലിനു പുഷ്പഗിരി അഗ്രഹാരം കേരള ബ്രാഹ്മണ സഭ ഓഫിസ് മന്ദിരത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂങ്കുന്നം ദേശത്ത് പഠിച്ചുവളർന്നതാണ് പത്മജ. കുടുംബത്തിലെ അംഗത്തെ പോലെയാണ് അതിനാൽ പത്മജയെ കാണുന്നത്. പൊന്നാട അണിയിച്ചാണ് സ്ഥാനാർഥിയെ യോഗം സ്വീകരിച്ചത്.
രാഷ്ട്രീയക്കാരിയായല്ല അയൽക്കാരി ആയാണ് ഇവിടെ നിൽക്കുന്നതെന്നു മറുപടിയിൽ പറഞ്ഞ പദ്മജ ബാല്യകാല ഓർമ്മകളുമായി ഏറെ ബന്ധമുള്ള സ്ഥലമാണ് ഇതെന്ന് ഓർമിച്ചു.
സഭ സെക്രട്ടറി ഡി മൂർത്തി സ്വാഗതം ആശംസിച്ചു. കുട്ടൻകുളങ്ങര കൗൺസിലർ എ കെ സുരേഷ്, മുൻ കൗൺസിലർ കെ ഗിരീഷ്, സഭയുടെ ടൌൺ യൂണിറ്റ് സെക്രട്ടറി എസ് വിശ്വനാഥ് അയ്യർ കേരള ബ്രാഹ്മണ സഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.