കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇടതുപക്ഷം വികസനം നടത്തിയിട്ടില്ലെന്നും മറിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അടൂര്‍ പ്രകാശം എംപി. ഇടതു മുന്നണിയുടേയും എംഎല്‍എ ജെനീഷ് കുമാറിന്റെയും അവകാശവാദങ്ങളെല്ലാം തന്നെ സത്യത്തിന് നിരക്കാന്‍ കഴിയാത്തതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി എന്ന ബോര്‍ഡ് മാത്രമേ കോന്നിയിലുള്ളൂ. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് സത്യമാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
വാശിയേറിയ മത്സരം നടക്കുന്ന കോന്നിയില്‍ വിമകസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായതോടെയാണ് ഇടതുപക്ഷത്തിനെതിരെ അടൂര്‍ പ്രകാശിന്റെ ആരോപണം. താന്‍ തുടങ്ങിയ പദ്ധതിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് സിറ്റിങ് എംഎല്‍എയായ ജെനീഷ് കുമാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജ് സ്വന്തം നേട്ടമായാണ് ജെനീഷ് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നത് എന്നു പറഞ്ഞ പ്രകാശം 2016ല്‍ കെട്ടിടം പണി പൂര്‍ത്തിയായ വിവരം നിയമസഭയില്‍ പറഞ്ഞപ്പോള്‍ തന്നെയും കോന്നിയേയും ആരോഗ്യമന്ത്രി കെകെ ശൈലജ അപമാനിച്ചെന്നും കുറ്റപ്പെടുത്തി.
കോന്നി മെഡിക്കല്‍ കോളേജില്‍ പുറംവാതില്‍ നിയമനത്തിന് എംഎല്‍എ ശ്രമിക്കുന്നുവെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് കള്ളവോട്ടുകളാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്‍ഡിഎഫ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ആദ്യമല്ലെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.




































