ഐഎൻഎക്സ് മീഡിയ കേസ് വിചാരണ നടപടികളിലേക്ക്. പി ചിദംബരത്തിനും മകനായ കാർത്തി ചിദംബരത്തിനും ഡൽഹി സിബിഐ പ്രത്യേക കോടതിയുടെ സയൻസ് ലഭിച്ചു. എല്ലാ പ്രതികളും അടുത്ത മാസം നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വർഷം ജൂണിൽ ഐഎൻഎക്സ് മീഡിയയുമായി സംബന്ധിച്ച കള്ളപ്പണക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും എതിരായി ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ചിദംബരവും മകൻ കാർത്തി ചിദംബരവും ഐഎൻഎക്സ് മീഡിയയുമായി ചേർന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമിടപാട് നടത്തിയെന്നാണ് എൻഫോഴ്സ്മെൻ്റ് കേസ് എടുത്തിരിക്കുന്നത്.
ഇന്ദ്രാണി മുഖർജിയും ഭർത്താവു പീറ്റർ മുഖർജിയും ചേർന്ന് ആരംഭിച്ച സ്ഥാപനമാണ് ഐഎൻഎക്സ് മീഡിയ. ഫോറിൻ ഇൻവെസ്റ്റ്മെന്റ് നിയമം ലംഘിച്ചു ഇവർ അനധികൃതമായി വിദേശത്ത് നിന്നും പണം സ്വരൂപിച്ചുവെന്നാണ് കേസ്. വിദേശത്തു നിന്നു 4.62 കോടി രൂപ സ്വരൂപിക്കാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇരുവരും ചേർന്ന് 305 കോടി രൂപ സ്വരൂപിച്ചുവെന്നാണ് കേസ്.