ബർമൂഡ ധരിച്ചു വരൂ: മമതയോട് ബിജെപി അധ്യക്ഷൻ

0

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ  ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദത്തിൽ. കാൽ എല്ലാവരേയും കാണിക്കാനാണ് ആഗ്രഹമെങ്കിൽ മമത ബർമുഡ ധരിക്കുന്നതാണ് നല്ലതെന്നാണ്  ദിലീപ് ഘോഷിന്റെ പരാമർശം.

‘പ്ലാസ്റ്റർ മാറ്റി ഇപ്പോൾ ബാനഡേജാണ് ഇട്ടിരിക്കുന്നത്. ഇപ്പോൾ എല്ലാവരേയും തന്റെ കാൽ കാണിച്ചു കൊണ്ടിരിക്കുകയാണ് അവർ. ഒരു കാൽ പുറത്തു കാണിച്ചും മറ്റേത് കാണിക്കാതേയുമാണ് മമത സാരിയുടുക്കുന്നത്. ഇതുപോലെ ആരും സാരിയുടുക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. കാൽ കാണിക്കാനിണെങ്കിൽ എന്തിനാണ് സാരി? ബർമുഡ ധരിച്ചാൽ മതിയല്ലോ? അങ്ങനെ ആണെങ്കിൽ എല്ലാവർക്കും കാല് കാണാനും കഴിയും’ എന്നാണ് ദിലീപ് ഘോഷിന്റെ പരാമർശം.

പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇത്തരത്തിലുള്ള ആഭാസന്മാരാണോ ബംഗാളിൽ ജയിക്കാൻ പോകുന്നതെന്ന് മഹുവ മോയ്ത്ര പ്രതികരിച്ചു.

 



കഴിഞ്ഞ മാസം നന്ദിഗ്രാമിൽ വെച്ചു നടന്ന പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ടതാണ് മമതക്ക് പരിക്ക് പറ്റിയത്. തനിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മമത ആരോപിച്ചിരുന്നു. കാറിൽ കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്നും നാലഞ്ച് പുരുഷന്മാർ തന്നെ തള്ളി താഴെയിടുകയായിരുന്നു എന്നാണ് മമത പറഞ്ഞത്. എന്നാൽ നടന്നത് അപകടം മാത്രമായിരുന്നുവെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച കമ്മിറ്റി വിലയിരുത്തി. തോൽവി മുന്നിൽകണ്ട മമത ജനങ്ങളുടെ സഹതാപം നേടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി നേതാക്കൾ പരിഹസിച്ചത്.