രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് കൊവിഡ് പ്രതിരോധം നേടിയെടുക്കുന്നതിന് വേണ്ടി എല്ലാവരും ഒപ്പം നില്‍ക്കണമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍ രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. മൂന്നാം ഘട്ടത്തില്‍ 45 വയസ്സില്‍ മുകളിലുള്ളവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുക.
നാലാമത്തേയും എട്ടാമത്തേയും ആഴ്ചക്കിടെയാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായം അതാണെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ധിച്ചുവരികയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 40,000 മുകളിലാണ്. രാജ്യത്ത് പുതുതായി 40,715 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 199 മരണവും റിപ്പോര്‍ട്ട് ചെയ്തു.