HomeKeralaകേരളത്തില്‍ ബിജെപി വളരാത്തത് അവര്‍ ചിന്തിക്കുന്നത് കൊണ്ട്: ഒ രാജഗോപാല്‍

കേരളത്തില്‍ ബിജെപി വളരാത്തത് അവര്‍ ചിന്തിക്കുന്നത് കൊണ്ട്: ഒ രാജഗോപാല്‍

കേരളത്തില്‍ ബിജെപി വളരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സംസ്ഥാനത്തെ സാക്ഷരതയും വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടി നേമം എംഎല്‍എ ഒ രാജഗോപാല്‍. കേരളത്തില്‍ പാര്‍ട്ടി പതിയെ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിൻ്റെ വാക്കുകൾ.

‘കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ട് മൂന്ന് വലിയ ഘടകങ്ങളുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനമാണ്. അവര്‍ ചിന്തിക്കുന്നു. അവര്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇതൊരു കാരണമാണ്.

രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് എന്നതാണ്. അതിനാല്‍ തന്നെ ആ വശം ഓരോ കണക്കുകൂട്ടലുകളും വരുന്നുണ്ട്. അതിനാല്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്താന്‍ കഴിയില്ല. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ട്.

ത്രിപുരയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ ഇടംപിടിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് നേമത്തെ മത്സരത്തിൽ നിന്ന് മാറി നില്‍ക്കുന്നത്. ഇപ്പോള്‍ 93 വയസായി. കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ മുരളീധരന്‍ വരുന്നതോട് കൂടി ത്രികോണ മത്സരത്തിന് മണ്ഡലം സാക്ഷ്യം വഹിക്കും. എന്നാല്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസിൻ്റെ പ്രതിച്ഛായ ദുര്‍ബലമായിരിക്കുകയാണ്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. അതെസമയം ലക്ഷ്യം നിറവേറ്റുകയും ചെയ്യും. അദ്ദേഹത്തിൻ്റെ മേന്‍മകള്‍ നിഷേധിക്കാന്‍ കഴിയില്ല. സത്യം അംഗീകരിച്ചേ മതിയാകൂ. മനഃപൂര്‍വ്വം കള്ളം പറയരുതെന്നും രാജഗോപാൽ പറഞ്ഞു.

Most Popular

Recent Comments