കൊണ്ടോട്ടിയില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. പാക് സ്വദേശിനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവെച്ച സ്ഥാനാര്‍ത്ഥിയുടെ നടപടിയില്‍ വിശദീകരണം വേണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രികയില്‍ രണ്ടാം ഭാര്യയായ പത്തൊമ്പത് വയസ് പ്രായമുള്ള പാക് സ്വദേശിനിയുടെ വിവരങ്ങള്‍ കെടി സുലൈമാന്‍ ഹാജി എന്ന കൊണ്ടോട്ടിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി മറച്ചുവെച്ചു. ഇക്കാര്യത്തില്‍ ലിബറലായ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുകയാണ്. എന്നാല്‍ വിഷയത്തില്‍ കേരളജനതക്ക് വിശദീകരണം ആവശ്യമുണ്ട്. ഒരു വിദേശ പൗരയുടെ ഐഡന്റിറ്റി മറച്ചുവെച്ച സാഹചര്യത്തില്‍ വിശേഷിച്ചും എന്നാണ് മുരളീധരന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെ മുരളീധരന്‍ ടാഗും ചെയ്തിട്ടുണ്ട്.
മുമ്പ് ഇതേകാര്യം ചൂണ്ടിക്കാട്ടി യുഡിഎഫും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വിലയിരുത്തിയ ശേഷം വരണാധികാരി സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിക്ക് എതിരായിട്ടുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വരണാധികാര്യ വ്യക്തമാക്കി.





































