അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രിക

0

അസമില്‍ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രിക. 30 ലക്ഷം കുടുംബങ്ങള്‍ക്ക് 3000 രൂപ പ്രതിമാസം നല്‍കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. അതെസമയം പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രകടന പത്രിക ഒന്നും തന്നെ പറഞ്ഞിട്ടില്ല.

ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അസമിന്റെ സ്വയം പര്യാപ്തക്കെന്ന് അവകാശപ്പെടുന്ന 10 വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ സിഎഎ എല്ലാ രീതിയിലും നടപ്പിലാക്കുമെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ജെപി നദ്ദ നല്‍കിയ മറുപടി. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് റദ്ദാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ വര്‍ഷവും ബ്രഹ്മപുത്രയിലുണ്ടാകുന്ന പ്രളയത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പില്‍ വരുത്തും. സൗജന്യ വിദ്യാഭ്യാസം, പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, 2 ലക്ഷം തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ തലത്തിലും, എട്ട് ലക്ഷം ജനങ്ങള്‍ക്ക് സ്വകാര്യമേഖലയിലും നല്‍കും. സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി രണ്ട് ലക്ഷം രൂപവരെ ധനസഹായമായി നല്‍കാനും പദ്ധതിയുണ്ടെന്ന് ബിജെപി പ്രകടനപത്രികയില്‍ പറയുന്നു.