അങ്കം മുറുകുന്നു, വിജയം ഉറപ്പിക്കാന്‍ പദ്മജ, നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

0

തൃശൂര്‍ അസംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തമാകും. മത്സരം പ്രധാനമായും യുഡിഎഫിലെ പദ്മജ വേണുഗോപാലും എല്‍ഡിഎഫിലെ പി ബാലചന്ദ്രനും തമ്മിലാണെന്ന്. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി മണ്ഡലത്തില്‍ ഇല്ല. അതിനാല്‍ തന്നെ അവരുടെ പ്രചാരണങ്ങള്‍ ദുര്‍ബലമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയെന്നതാണ് പദ്മജ വേണുഗോപാലിൻ്റെ പ്രധാന പ്ലസ് പോയിൻ്റ്. ലീഡര്‍ കെ കരുണാകരൻ്റെ മകള്‍ എന്ന പാരമ്പര്യത്തിൻ്റെ തണലിലല്ല പദ്മജയെ ഇന്ന് തൃശൂര്‍ കാണുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം പ്ദമജ വേണുഗോപാലിനെ തൃശൂര്‍ക്കാരുടെ പദ്‌മേച്ചിയാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് തര്‍ക്കത്തിൻ്റെയൊക്കെ ഇരയായി തോല്‍ക്കേണ്ടി വന്നപ്പോഴും തൃശൂരില്‍ തന്നെ താമസം ഉറപ്പിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുഴുകുകയായിരുന്നു പദ്മജ. അതുകൊണ്ട് തന്നെ ഇക്കുറി വോട്ടര്‍ഭ്യര്‍ഥിച്ച് ഇറങ്ങുമ്പോള്‍ കാണുന്നവരില്‍ അധികവും പരിചയമുള്ള മുഖങ്ങളാണെന്ന് സ്ഥാനര്‍ഥി പറയുന്നു. വോട്ടര്‍മാര്‍ സംവദിക്കുന്നതും അതേ അടുപ്പത്തോടെയും. ഇതാണ് യുഡിഎഫിൻ്റെ ആത്മവിശ്വാസം.

മറുഭാഗത്ത് പി ബാചന്ദ്രന്‍ സീറ്റ് നിലനിര്‍ത്തണം എന്ന വാശിയിലാണ്. പോസ്റ്റര്‍ പ്രചാരണത്തില്‍ എല്‍ഡിഎഫിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. വോട്ടഭ്യര്‍ഥന സജീവമാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ കൂട്ടുകാരന്‍ വി എസ് സുനില്‍കുമാറുണ്ട്. പക്ഷേ കഴിഞ്ഞ തവണ വി എസ് സുനില്‍കുമാര്‍ മത്സരിച്ചപ്പോള്‍ കണ്ട ആവേശം ഇക്കുറി എല്‍ഡിഎഫ് പാളയത്തില്‍ ഉണ്ടോ എന്നതില്‍ സംശയമാണ്.
കഴിഞ്ഞ ദിവസം ജില്ലയിലെ എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി വിജയന്‍ എത്തിയെങ്കിലും പാര്‍ടി അനുകൂലിയായ യുവാവ് വേദിയില്‍ സിപിഎം നേതാവിനെ തള്ളിയിട്ടതോടെ ചടങ്ങിൻ്റെ ശോഭ കെട്ടു. ആളുകളുടെ സംസാരം അതായി.

പദ്മജക്ക് വേണ്ടി നിരവധി പേരാണ് വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്. പ്രിയങ്ക ഗാന്ധി, തരൂര്‍..നിര നീളുകയാണ്. ഇക്കുറി നിയമസഭയിലേക്ക് തൃശൂർ അയക്കുക പദ്മജ വേണുഗോപാലിനെ തന്നെയാണെന്ന് ഉറപ്പുവരുത്താൻ. സുരേഷ് ഗോപി മണ്ഡലത്തില്‍ എന്നെത്തും എന്നതില്‍ ഇനിയും വ്യക്തതയില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കണ്ട അതേ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെ പോസ്റ്ററുകളിൻ അധികവും. സ്ഥാനാർഥി ഇല്ലാത്തതിനാൽ പ്രചാരണത്തിൽ ആവേശമില്ലെന്ന് എൻഡിഎ പ്രവർത്തകർ പറയുന്നു.