കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസാം സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രിയങ്ക അസാമിലെ 6 തെരഞ്ഞെടുപ്പ് റാലികളെയാണ് അഭിസംബോധന ചെയ്യുന്നത്.
ജോർഹത്ത്, നസീറ, ഖുംതായ് എന്നിവിടങ്ങളിൽ നടക്കുന്ന റാലിയിലാണ് ഇന്ന് പ്രിയങ്ക പങ്കെടുക്കുക. ഇന്നലെ രാഹുൽ ഗാന്ധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദർശനം.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രകടന പത്രിക പ്രകാശനം ചെയ്യവേ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമെ വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുമെന്നും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. തേയില തൊഴിലാളികളുടെ ശമ്പളം 365 രൂപയാക്കി ഉയർത്തുമെന്നും 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക പറയുന്നു.