ഫ്‌ലക്‌സ് നിരോധനവും ഗ്രീന്‍ പ്രോട്ടോക്കോളും വന്നതോടുകൂടി മുന്‍കാലങ്ങളിലുണ്ടായിരുന്ന ചുവരെഴുത്തുകള്‍ വീണ്ടും സജീവമാകുന്നു. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ തെരഞ്ഞെടുപ്പ് കാലം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ചുവരെഴുത്ത് തൊഴിലാളികള്‍. നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങിയതോടു കൂടി ചുവരെഴുത്തുകള്‍ സജീവമായിക്കഴിഞ്ഞു,
ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായത് മുതല്‍ തെരഞ്ഞെടുപ്പുകളില്‍ ചുവരെഴുത്തുകളുടെ സാന്നിധ്യം നന്നേ കുറവായിരുന്നു. ചുവരെഴുത്ത് ജോലി ചെയ്തിരുന്നവരാകട്ടെ ജീവിത മാര്‍ഗത്തിനായി മറ്റു ജോലികള്‍ തേടി പോകുകയും ചെയ്തതോടുകൂടി ഈ മേഖലയിലേക്ക് ആളുകള്‍ വരാതാവുകയും ചുവരെഴുത്തുകള്‍ ഇല്ലാതാകുന്ന സ്ഥിതി വിശേഷത്തിലേക്ക് പോകുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും ചുവരെഴുത്തുകള്‍ കളം നിറയുകയാണ്. തെരഞ്ഞെടുപ്പ് കാലം കഴിയുന്നതോടു കൂടി വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങേണ്ടിവരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് കലാകാരന്‍മാര്‍ പറയുന്നു. ഫ്‌ലക്‌സ് നിരോധിച്ചെങ്കില്‍ കൂടി തുണി പ്രിന്റിംഗ് ആവശ്യക്കാര്‍ ഏറുന്നത് ചുവരെഴുത്തുകാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.