ജനസംഖ്യ വര്‍ധനവ് തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രണ്ടു കുട്ടി നയം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിര്‍ക്കുന്ന 1994ലെ ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ കര്‍മ്മ പരിപാടിയില്‍ ഇന്ത്യ ഒപ്പുവെച്ചുവെന്നും മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി.
ദേശീയ കുടുംബാരോഗ്യ സര്‍വ്വെ നാല് പ്രകാരം രാജ്യത്ത് ഫേര്‍ട്ടിലിറ്റി നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ കുറവ് കാണിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ 29 സംസ്ഥാനങ്ങളില്‍ ഫേര്‍ട്ടിലിറ്റി നിരക്ക് 2.1ഉം അതില്‍ താഴെയുമാണ്. നിലവില്‍ കുടുംബാസൂത്രണ പദ്ധതികള്‍ എളുപ്പത്തിലാക്കാന്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.