HomeKeralaകൊടുങ്ങല്ലൂരില്‍ ത്രികോണ മത്സരം

കൊടുങ്ങല്ലൂരില്‍ ത്രികോണ മത്സരം

സന്തോഷ് ചെറാകുളം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മുസിരിസ് പാരമ്പര്യവും കണ്ണകിയുടെ അനുഗ്രഹവും പേറുന്ന കൊടുങ്ങല്ലൂരില്‍ ഇക്കുറി നടക്കുന്നത് തീ പാറുന്ന പോരാട്ടം. ഓരോ തിരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്ന എന്‍ഡിഎക്ക് ഏറെ സാധ്യത കാണുന്ന കൊടുങ്ങല്ലൂരില്‍ എല്ലാ തന്ത്രങ്ങളുമായി വിജയിക്കാനുള്ള പോരാട്ടത്തിലാണ് എല്‍ഡിഎഫും യുഡിഎഫും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ ഇരു മുന്നണികളേയും വിറപ്പിച്ച സന്തോഷ് ചെറാകുളമാണ് ഇക്കുറി സീറ്റ് പിടിച്ചെടുക്കാന്‍ കൊടുങ്ങല്ലൂരില്‍ എത്തിയിട്ടുള്ളത്. പതിനായിരത്തില്‍ താഴെ മാത്രം വോട്ടുണ്ടായിരുന്ന ഇരിങ്ങാലക്കുടയില്‍ മുപ്പതിനായിരത്തില്‍ അധികമാക്കി ഉയര്‍ത്തിയ പാരമ്പര്യമുണ്ട് സന്തോഷിന്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ എട്ട് കൗണ്‍സിലര്‍മാരെ സ്വന്തമാക്കിയിരുന്നു എന്‍ഡിഎ. രണ്ട് സീറ്റില്‍ നിന്നാണ് ഈ വളര്‍ച്ച. അവിടെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിച്ചതും സന്തോഷ് ചെറാകുളമായിരുന്നു.

ശക്തനായ സംഘാടകനും വ്യാപാരിയുമാണ് സന്തോഷ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ ദാതാവും. ഇക്കുറി കൊടുങ്ങല്ലൂരില്‍ വിജയം ഉറപ്പിക്കണം എന്ന വാശിയുണ്ട് ബിജെപിക്ക്. അതുകൊണ്ട് തന്നെയാണ് ശക്തനായ പോരാളിയെന്ന് അറിയപ്പെടുന്ന സന്തോഷ് ചെറാകുളത്തിനെ തന്നെ കളത്തിലറക്കിയത്.

നിലവില്‍ എല്‍ഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണ് കൊടുങ്ങല്ലൂര്‍. യുഡിഎഫിലെ കെ പി ധനപാലിനെ പരാജയപ്പെടുത്തിയാണ് വി ആര്‍ സുനില്‍കുമാര്‍ സീറ്റ് സ്വന്തമാക്കിയത്. ഇക്കുറിയും സീറ്റ് നിലനിര്‍ത്താന്‍ സുനില്‍കുമാറിനെ തന്നെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. നാട്ടുകാരന്‍, സ്ഥലം എംഎല്‍എ എന്ന ബലമാണ് സുനില്‍കുമാറിൻ്റെ കൈമുതല്‍.

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള എം പി ജാക്‌സനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍, കോണ്‍ഗ്രസ് എ ഗ്രൂപ്പിൻ്റെ നേതാവ് എന്നീ നിലകളിലൊക്കെ അറിയപ്പെടുന്ന ജാക്‌സന്‍ കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. സി എസ് ശ്രീനിവാസന്‍, എം എസ് അനില്‍കുമാര്‍ തുടങ്ങിയ പേരുകളാണ് ഉണ്ടായിരുന്നത്. അവസാനമാണ് എം പി ജാകസന്‍ സ്ഥാനാര്‍ഥിയായത്. ഇതോടെ സ്ഥാനര്‍ഥി മോഹികളുടെ ശക്തമായ എതിര്‍പ്പിനെ കൂടി മറികടക്കേണ്ട സ്ഥിതിയിലാണ് ജാക്‌സന്‍.

മണ്ഡലം പിടിച്ചെടുക്കാന്‍ സന്തോഷ് ചെറാകുളവും എം പി ജാക്‌സനും പോരോടുമ്പോള്‍ നിലനിര്‍ത്താന്‍ ഏറെ വിയര്‍ക്കേണ്ടി വരും വി ആര്‍ സുനില്‍കുമാറിന്.

Most Popular

Recent Comments