തൃശൂര്‍ നിയോജക മണ്ഡലത്തില്‍ പോരാട്ടം കനക്കുകയാണ്. പദ്‌മേച്ചിയായി നിറഞ്ഞ ചിരിയോടെ കളം നിറയുകയാണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍. വി എസ് സുനില്‍കുമാറിലൂടെ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി ബാല്‍സി എന്ന പി ബാലചന്ദ്രന്‍.
കരുണാകരൻ്റെ മകള്‍ എന്ന അനുഗ്രഹം മാത്രമല്ല പദ്മജ വേണുഗോപാലിനെ തൃശൂര്‍കാരുടെ പദ്‌മേച്ചിയാക്കിയത്. എല്ലാവരേയും ചേര്‍ത്ത് പിടിക്കുന്ന ഏത് വിഷമത്തിലും കൂടെ നില്‍ക്കുന്ന സ്വഭാവമാണ് പദ്മജക്ക്. നിറഞ്ഞ ചിരിയോടെ മാത്രമേ പദ്മജയെ കാണാനാകൂ. രാഷ്ട്രീയ ഭേദമില്ലാതെ മുതിർന്നവർ പോലും അങ്ങനെയേ വിളിക്കൂ.. പദ്മേച്ചി..
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും എത്തുമ്പോള്‍ പ്ദമജക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. കൂടെയുണ്ട് പദ്മജ എന്നത് വെറും വാക്കല്ലെന്ന് അനുഭവിച്ചവര്‍ നൂറുകണക്കാണ്. ജീവിതം വഴിമുട്ടി പകച്ച് നില്‍ക്കുമ്പോള്‍ സഹായവുമായി എത്തിയ പദ്‌മേച്ചിയെ നിരവധി പേര്‍ക്ക് അറിയാം. പൂങ്കുന്നത്തെ മുരളീ മന്ദിരമെന്ന ലീഡറുടെ വീട് ആശ്രയം തേടി വരുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലും അടയാറില്ല. ലീഡറുടെ അതേ സ്വഭാവം തന്നെയാണ് പദ്മജക്കും എന്നതും തൃശൂരിൻ്റെ അനുഭവമാണ്.
കേരളവര്‍മക്കാര്‍ക്ക് ബാല്‍സിയാണ് പി ബാലചന്ദ്രന്‍. വാഗ്മി, കവി, ചിന്തകൻ തുടങ്ങിയ നിലകളിലൊക്കെ അവര്‍ക്ക് ബാലചന്ദ്രനെ അറിയാം. യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ തൃശൂരിനെ വി എസ് സുനില്‍കുമാര്‍ ആണ് ഇടതു മണ്ഡലമാക്കിയത്. ഇനി അത് നിലനിര്‍ത്തേണ്ടത് തൻ്റെ കടമയാണെന്ന് ബാലചന്ദ്രന് അറിയാം. മുന്നണിയുടെ മാത്രമല്ല, കേരളവര്‍മ കാലം തൊട്ടുള്ള തൻ്റെ കൂട്ടുകാരനായ സുനില്‍കുമാറിൻ്റെ കൂടി ആവശ്യമാണ്.
പര്യടനങ്ങളും കണ്‍വന്‍ഷനുകളും വോട്ടര്‍മാരെ നേരില്‍ കാണലുമായി തശൂര്‍ മണ്ഡലം നിറയുകയാണ് യുഡിഎഫിൻ്റെ പദ്മജ വേണുഗോപാലും, എല്‍ഡിഎഫിൻ്റെ പി ബാലചന്ദ്രനും. സ്ഥാനാര്‍ഥി എത്താത്തതിൻ്റെ ക്ഷീണത്തിലാണ് എന്‍ഡിഎ. വലിയ വിജയ പ്രതീക്ഷയില്ലെന്നും മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും എന്‍ഡിഎയിലുണ്ട്.
ജനമനസ്സുകളില്‍ ഇടം പിടിച്ച് തങ്ങളിലൊരാളായി മണ്ഡലം നിറയുന്ന പദ്മജ വേണുഗോപാലോ, ചിന്തകനും സാഹിത്യകാരനുമായ പി ബാലചന്ദ്രനോ..