HomeKeralaകോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്‍ന്ദ്രനടക്കം ഇരുമുന്നണികളില്‍ നിന്നും നേതാക്കള്‍ കൂടിക്കാഴ്ചക്കായി വിളിച്ചിട്ടുണ്ടെന്ന് മോഹന്‍രാജ് അറിയിച്ചു.

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാലും മനസ് കൊണ്ടിപ്പോഴും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് മോഹന്‍രാജ് വ്യക്തമാക്കിയിട്ടും മോഹന്‍രാജിനെ ബിജെപിയും സിപിഎമ്മും വിടാതെ പിന്തുടരുകയാണ.് സംസ്ഥാന നേതാക്കളടക്കം ഇരുപാര്‍ട്ടികളില്‍ നിന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് മോഹന്‍രാജ് പറഞ്ഞു.

സിപിഎം ജില്ല ഘടകത്തിന് പുറമെ സംസ്ഥാന സമിതി അംഗം കെ അനന്തഗോപനും മോഹന്‍രാജിനെ കഴിഞ്ഞദിവസം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ആരോടും ആശയവിനിമയം നടത്തിയില്ലെങ്കിലും ഉന്നത നേതാക്കളടക്കമാണ് വിളിക്കുന്നത്. തല്‍ക്കാലം തീരുമാനങ്ങളൊന്നും എടുക്കുന്നില്ലെന്നും അധികം വൈകാതെ മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നും മോഹന്‍രാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദീര്‍ഘകാലം ഡിസിസി പ്രസിഡന്റായിരുന്ന മോഹന്‍രാജിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ആറന്മുളയിലെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചവരില്‍ മോഹന്‍രാജും ഇടംപിടിച്ചിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ പുറത്തായി. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹം വികാരാധീനനായി.

Most Popular

Recent Comments