HomeKeralaഎന്‍ഡിഎ വിട്ട് പിസി തോമസ്; ജോസഫ് വിഭാഗവുമായി ഇന്ന് ലയിക്കും

എന്‍ഡിഎ വിട്ട് പിസി തോമസ്; ജോസഫ് വിഭാഗവുമായി ഇന്ന് ലയിക്കും

എന്‍ഡിഎ വിട്ട് പിസി തോമസ്. സീറ്റ് നിഷേധിച്ച കാരണത്തിലാണ് എന്‍ഡിഎ വിട്ടതെന്ന് പിസി തോമസ് അറിയിച്ചു. പിസി തോമസ്-പിജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ വെച്ച് നടക്കും. ലയനത്തോടെ ജോസഫ് വിഭാഗം പിസി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കും. ലയനത്തോടുകൂടി ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.

കഴിഞ്ഞ ദിവസം വരെ പിസി തോമസ് എന്‍ഡിഎ പരിപാടികളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടുകൂടി എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന തീരുമാനം ഉണ്ടായത്. ഇന്ന് കടുത്തുരുത്തിയില്‍ വെച്ച് നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനിലാകും ലയനപ്രഖ്യാപനം. ജോസഫ് വിഭാഗത്തെ സംബന്ധിച്ച് കോടതി വിധിയോടെ രണ്ടില കൈവിട്ട് പോയിരുന്നു. പിസി തോമസ് വിഭാഗവുമായി ലയിക്കുന്നതോടു കൂടി അക്കാര്യത്തില്‍ തീരുമാനമാകും. പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായ കസേര ലഭിക്കാനാണ് സാധ്യത.

എന്‍ഡിഎയുടെ ആദ്യ എംപിയാണ് പിസി തോമസ്. 2004ല്‍ മൂവാറ്റുപുഴ ലോക്‌സസഭ മണ്ഡലത്തില്‍ നിന്നും ഇടത് വലത് മുന്നണികളെ നോക്കുകുത്തികളാക്കി അട്ടിമറി വിജയത്തിലൂടെയാണ് പിസി തോമസ് വിജയിച്ചത്. മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെഎം മാണിയോട് ഇടഞ്ഞാണ് പിസി തോമസ് അന്ന് കേരള കോണ്‍ഗ്രസില്‍ നിന്നിറങ്ങിപ്പോയത്. ആ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മൂന്നാം സ്ഥാനത്താണ് എത്തിയിരുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും ബിജെപിയുടെ സഹകരണം ലഭിച്ചില്ലെന്ന പരാതി പിസി തോമസ് ഉന്നയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടുകൂടിയാണ് എന്‍ഡിഎ വിടാനുള്ള തീരുമാനമായത്.

Most Popular

Recent Comments