കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി ധർമജൻ ബോൾഗാട്ടി

0

ബാലുശ്ശേരി നിയമസഭ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ചലച്ചിത്ര താരം ധർമജൻ ബോൾഗാട്ടി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നോർത്തിൽ നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും കെഎസ് യു സംസ്ഥാന അധ്യക്ഷനുമായ കെഎം അഭിജിത്, കുന്ദമംഗലം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ, കെ രാഘവൻ എംപി എന്നിവരും ധർമജന് ഒപ്പം ഉണ്ടായി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് സ്ഥാനാർത്ഥികൾ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമജൻ ബാലുശ്ശേരിയിൽ റോഡ് ഷോ നടത്തിയിരുന്നു. നടനും മിമിക്രി താരവുമായ രമേഷ് പിഷാരടിയും പങ്കെടുത്തു. ഇതോടെ ഒട്ടേറെ യുവാക്കളാണ് ഷോയിൽ പങ്കെടുത്തത്. പുനലൂരിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് അണിനിരന്നത്. ബാലുശ്ശേരി ടൗൺ വരെ 7 കിലോമീറ്റർ ദൂരമാണ് പ്രചാരണ വാഹനങ്ങൾ സഞ്ചരിച്ചത്. ധർമജന്റെ പ്രചാരണത്തിനായി കൂടുതൽ സിനിമ താരങ്ങൾ എത്തുമെന്നും പിഷാരടി അറിയിച്ചു. ഇടതുപക്ഷ കോട്ടയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വിജയപ്രതീക്ഷയോടുകൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.