നിയമസഭയില്‍ ടീ ഷര്‍ട്ട് ധരിച്ചുവന്ന കോണ്‍ഗ്രസ് എംഎല്‍എയോട് ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് സഭയില്‍ വരാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ പുറത്താക്കി. ഗുജറാത്തിലെ സോമനാഥ് മണ്ഡലത്തിലെ എംഎല്‍എയായ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര തൃവേദി പുറത്താക്കിയത്. സഭയുടെ മാന്യത സംരക്ഷിക്കാന്‍ വേണ്ടിയാണാ താനിങ്ങനെ ചെയ്തതെന്ന് സ്പീക്കര്‍ വിശദീകരിച്ചു. എന്നാല്‍ സഭയില്‍ നിയമം മൂലം ഏര്‍പ്പെടുത്തിയ വസ്ത്ര ധാരണ രീതിയില്ലെന്നും സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
ഒരാഴ്ച മുമ്പ് പുതുമുഖ എംഎല്‍എയായ വിമല്‍ ടീ ഷര്‍ട്ട് ധരിച്ച് വന്നിരുന്നു. അന്ന് ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്ന താക്കീത് നല്‍കിയെന്നും വീണ്ടും ആവര്‍ത്തിച്ചതിനാലാണ് പുറത്താക്കിയതെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയില്‍ മാന്യമായ വസ്ത്രധാരണമാണ് വേണ്ടത്. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
നാല് വൈറ്റ് ഗാര്‍ഡ്‌സിന്റെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമല്‍ ചുഡാസ വൈകീട്ട് ഷര്‍ട്ട് ധരിച്ച് തിരികെ വന്നു. എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായാണ് പ്രതിഷേധിച്ചത്. എംഎല്‍എമാര്‍ക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ടി ഷര്‍ട്ട് ധരിച്ച് നിയമസഭയില്‍ വരാന്‍ പാടില്ലെന്ന നിയമം നിലവിലില്ലെന്നും ഇത് ഭരണഘടന അവവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.