താന്‍ ചെറുപ്പം മുതല്‍ക്കേ ആര്‍എസ്എസുകാരനാണെന്ന് ബിജെപിയില്‍ ചേര്‍ന്ന മെട്രോ മാന്‍ ഇ ശ്രീധരന്‍. ബിജെപി ദേശ സ്‌നേഹികളുടെ പാര്‍ട്ടിയാണ്. തന്നില്‍ എന്തൊക്കെ മുല്യങ്ങളുണ്ടോ അതിൻ്റെയൊക്കെ അടിത്തറ ആര്‍എസ്എസിനുള്ളതാണ്. ഔദ്യോഗിക പദവയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്പര്യം ഇല്ലാത്തതിനാല്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ച് പോന്നത്. ആര്‍എസ്എസ് സുഖപത്രമായ കേസരിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരൻ അഭിപ്രായങ്ങള്‍ പറഞ്ഞത്.
‘പാലക്കാട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് ആദ്യമായി സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിൻ്റെയൊക്കെ അടിത്തറ ആര്‍എസ്എസിനുള്ളതാണ്. മോഹന്‍ ഭാഗവത് കേരളത്തില്‍ വന്ന സമയത്ത് അദ്ദേഹത്തോടും ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ഏതെങ്കിലും സമുദായത്തിൻ്റെ അല്ല ബിജെപി. ആ പ്രതിച്ഛായ മാറ്റണം. ബിജെപി ദേശ സ്‌നേഹികളുടെ പാര്‍ട്ടിയാണ്. രാജ്യത്തിൻ്റെ സുരക്ഷക്കും ക്ഷേമത്തിനും നിലകൊള്ളുന്ന പാര്‍ട്ടിയാണ്’ ഇ ശ്രീധരന്‍ വെളിപ്പെടുത്തി.
സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകത. അദ്ദേഹത്തില്‍ നിന്നും താന്‍ പഠിച്ചത് ഈ പാഠങ്ങളാണ്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന മട്ടില്‍ കേരളത്തില്‍ നടക്കുന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതായിട്ടുണ്ട്. ദേശസുരക്ഷക്ക് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണ് ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആ മാറ്റം ഇപ്പോള്‍ പ്രകടമാണ്.
ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍എസ്എസ് എന്ന ജസ്റ്റിസ് കെ ടി തോമസിൻ്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. രാജ്യത്തിൻ്റെ ധാര്‍മിക മൂല്യങ്ങള്‍ എല്ലാവരിലും എത്തിക്കുകയെന്നതാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ബിജെപി പ്രവേശനം അതിന് വേണ്ടി കൂടിയാണെന്നും മെട്രോമാന്‍ കൂട്ടിച്ചേര്‍ത്തു.