യുഡിഎഫില്‍ സീറ്റ് വിഭജനം എങ്ങുമെത്തിയില്ല. പട്ടാമ്പി നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മുസ്ലിം ലീഗിനെ അറിയിച്ചു. ജോസഫ് ഗ്രൂപ്പുമായും സീറ്റുകളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ വേണമെന്ന് ആര്‍എസ്പി ആവശ്യം ഉന്നയിച്ചു.
സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തീകരിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരുന്ന കോണ്‍ഗ്രസിൻ്റെ കണക്കു കൂട്ടലുകളെല്ലാം ഇതോടെ പിഴച്ചിരിക്കുകയാണ്. മുന്നണിയിലെ പ്രധാന കക്ഷികളായ ലീഗുമായും ജോസഫ് ഗ്രൂപ്പുമായും സീറ്റ് വിഭജനത്തിൻ്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് സമവായത്തിലെത്താന്‍ കഴിയാത്തത് കീറാമുട്ടിയായി തന്നെ തുടരുകയാണ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് മുസ്ലിം ലീഗിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ പട്ടാമ്പി ആവശ്യപ്പെട്ട ലീഗിനോട് നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതിനു പകരം കോങ്ങാട് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പട്ടാമ്പി തന്നില്ലെങ്കില്‍ പേരാമ്പ്രയും വേണ്ടെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. പകരം വിജയം ഉറപ്പുള്ള സീറ്റ് വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സീറ്റ് മാത്രമാണ് ലീഗിന് നല്‍കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ജോസഫ് ഗ്രൂപ്പിൻ്റെ പക്കലുള്ള ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നല്‍കാനാവില്ലെന്ന ശക്തമായ തീരുമാനത്തിലാണ് പിജെ ജോസഫും. മൂവാറ്റുപുഴ വേണമെന്ന ജോസഫിൻ്റെ ആവശ്യവും അതോടെ കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. 12 സീറ്റ് ജോസഫ് ചോദിച്ചിരുന്നെങ്കിലും 10 സീറ്റാണ് നല്‍കിയത്. അങ്ങനെ ജോസഫിനെ അനുനയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കയ്പമംഗലം സീറ്റിന് പകരം അമ്പലപ്പുഴ സീറ്റ് വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി വന്നാലേ സീറ്റ് വിഭജന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.