സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപി കോണ്‍ഗ്രസുമായി ചങ്ങാത്തത്തിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ഒരു പ്രത്യേക ചങ്ങാത്തമാണ് ഇവിടെ രൂപം കൊണ്ടിരിക്കുന്നത്. ആ ചങ്ങാത്തം എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു. അതിന് നേതൃത്വം കൊടുത്തത് ബിജെപിയും കോണ്‍ഗ്രസുമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഒരേ രീതിയില്‍ ഒരേ മനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ സാധാരണ ഗതിയില്‍ ആശ്ചര്യമില്ല. എന്നാല്‍ ഇവിടെ സര്‍ക്കാരിൻ്റെ ചെയ്തികള്‍ വച്ചല്ല എതിര്‍പ്പുണ്ടായത്. സര്‍ക്കാരിനെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയായിരുന്നു. അതിനായി രണ്ട് പാര്‍ട്ടിയുടേയും നേതാക്കള്‍ പ്രത്യേക ഗവേഷണങ്ങള്‍ നടത്തും. കുറച്ചുനാള്‍ മുമ്പ് ഒരു പാര്‍ട്ടിയുടെ നേതാവ് രാവിലെ ആരോപണം ഉന്നയിക്കും. മറ്റേ പാര്‍ട്ടിയുടെ നേതാവും വൈകുന്നേരം ആരോപണം ഉന്നയിക്കും ഇതായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.