പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നുള്ള മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്ഡ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിപി സാനു വീണ്ടും മത്സരിക്കുന്നു. എസ്എഫ്‌ഐ ദേശീയ പ്രസിഡണ്ടും സിപിഎം മലപ്പുറം ജില്ല കമ്മിറ്റി അംഗവുമായ സാനു 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മലപ്പുറത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടുകള്‍ക്കായിരുന്നു വിപി സാനു പരാജയപ്പെട്ടത്. എങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനുവിന് മണ്ഡലത്തിലെ പുതു വോട്ടര്‍മാരുടെ ശ്രദ്ധപിടിച്ച് പറ്റാന്‍ കഴിഞ്ഞിരുന്നു എന്നത് വളരെ പ്രത്യാശയോട് കൂടിയാണ് നേതൃത്വം നോക്കി കാണുന്നത്്. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ട് നേടാനായപ്പോള്‍ 3,29,720 വോട്ടുകളാണ് സാനുവിന് ലഭിച്ചത്. 2014ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സൈനബ നേടിയ വോട്ടുകളേക്കാള്‍ 86,736 വോട്ടുകള്‍ അധികമാണ് സാനു 2019ല്‍ നേടിയെടുത്തത്.
രാഹുല്‍ ഗാന്ധി തരംഗം കൊണ്ട് 2019നെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടുവെന്നും കഴിഞ്ഞ തവണത്തെ പരിചയ സമ്പത്ത് സാനുവിന് ഗുണം ചെയ്യുമെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇതുവരെയും തെരഞ്ഞെടുത്തിട്ടില്ല. എംപി അബ്ദുസ്സമദ് സമദാനിയെ ആണ് പരിഗണിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
2019ലെ തെരഞ്ഞെടുപ്പിലുള്ള പ്രചരണ പരിചയവും വിപി സാനുവിന്റെ സാന്നിധ്യവും നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറത്ത് തുണക്കുമെന്നാണ് എല്‍ഡിഎഫ് കണക്കു കൂട്ടുന്നത്. നിര്‍ണായ ബില്ലുഖില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്താതിരുന്നത് എല്‍ഡിഎഫ് കഴിഞ്ഞ തവണ പ്രചരണായുധമാക്കിയിരുന്നു. ഇത്തവണ, കാലാവധി പൂര്‍ത്തിയാകും മുമ്പ് മുസ്ലിം ലീഗ് എംപി രാജിവെച്ച് മടങ്ങിയതാകും എല്‍ഡിഎഫ് ചര്‍ച്ചാവിഷയമാക്കുക.
മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പ്രചരണം ആരംഭിച്ചു കഴിഞ്ഞു. എസ്ഡിപിഐ ദേശീയ സെക്രട്ടറി തസ്ലിം റഹ്മാനിയാണ് ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് എസ്ഡിപിഐ ലോക്‌സഭ മണ്ഡലത്തിലെ പ്രചരണം തുടങ്ങിയത്.