സ്വര്‍ണകടത്ത്, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയോട് ഉത്തരം തേടി അമിത്ഷാ ചോദ്യങ്ങളുന്നയിച്ചത്.
ഡോളര്‍ക്കടത്ത് കേസിലെ പ്രധാന പ്രതി നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണെന്നത് ശരിയാണോ?
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ മാസം മൂന്ന് ലക്ഷം രൂപ നല്‍കി നിങ്ങള്‍ നിയമിച്ചത് ശരിയാണോ?
നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ പ്രതിക്ക് വ്യാജബിരുദത്തിൻ്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത് ശരിയാണോ?
നിങ്ങളും നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശയാത്രയില്‍ പ്രതിയായ ഈ സ്ത്രീയെ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുപ്പിച്ചുവോ?
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദര്‍ശകയാണെന്ന ആരോപണം ശരിയാണോ?
സ്വര്‍ണകടത്ത് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടായിട്ടുണ്ടോ? ആ നടപടി ശരിയാണോ?
സംശയാസ്പദമായ ഒരു മരണം ഉണ്ടായി. അതില്‍ ശരിയായ ദിശയില്‍ അന്വേഷണം നടന്നോ?
തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. പൊതുജീവിതം നയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി പറയണം. എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതിയെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന ആമുഖത്തോടെയാണ് അമിത്ഷാ ചോദ്യശരങ്ങള്‍ ഉന്നയിച്ചത്.
സാമൂഹിക പരിഷ്‌കരണത്തിൻ്റെയും നവോത്ഥാനത്തിൻ്റെയും നാടായ കേരളം ഇന്ന് അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും നാടായി മാറിയെന്ന് അമിത് ഷാ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഒരു കാലത്ത് കേരളം വികസനത്തിൻ്റെ പേരില്‍ അറിയപ്പെട്ടിരുന്നു. നിരക്ഷരതയെ പരാജയപ്പെടുത്തി നൂറു ശതമാനം സാക്ഷരത കൈവരിച്ച, വിനോദസഞ്ചാരത്തില്‍ ലോകത്തിന് മാതൃകയായ കേരളത്തെ ഇരുമുന്നണികളും ചേര്‍ന്ന് അഴിമതിയുടെ നാടാക്കി മാറ്റി.
ഇരുമുന്നണികളും തമ്മില്‍ ഒരു കാര്യത്തില്‍ ആരോഗ്യകരമായ മത്സരം ഉള്ളത് അഴിമതിയിലാണ്. യുഡിഎഫിന് സോളാര്‍ അഴിമതിയാണെങ്കില്‍ എല്‍ഡിഎഫിന് ഡോളര്‍ അഴിമതിയാണ്. നാടിൻ്റെ ചിന്തയല്ല, വോട്ട് ബാങ്കിൻ്റെ ചിന്തയാണ് ഇരുകൂട്ടര്‍ക്കും. സിപിഎം എസ്ഡിപിഐയെപോലുള്ള വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് ലീഗിനെ കൂട്ടുപിടിക്കുന്നു. കോണ്‍ഗ്രസിൻ്റെ കാര്യം വിചിത്രമാണ്. കേരളത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നു, ബംഗാളില്‍ സിപിഎമ്മിനെ കൂട്ടുപിടിക്കുന്നു. കേരളത്തില്‍ ലീഗിനെ കൂടെക്കൂട്ടുമ്പോള്‍ ബംഗാളില്‍ ഷെരീഫിൻ്റെ പാര്‍ട്ടിയെയും മഹാരാഷ്ട്രയില്‍ ശിവസേനയെയും കൂട്ടുപിടിക്കുന്നു. എന്ത് നയമാണിവര്‍ക്കുള്ളത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അയപ്പഭക്തര്‍ക്കെതിരെ അക്രമം നടത്തിയപ്പോള്‍ ഇവിടെ യുഡിഎഫ് മൗനത്തിലായിരുന്നു. ബിജെപിയുടെ ഉറച്ച നിലപാട് ശബരിമലയുടെ കാര്യം തീരുമാനിക്കേണ്ടത് ഭക്തരാണ്, സര്‍ക്കാരല്ല എന്നതാണ്.
മോദി സര്‍ക്കാരിൻ്റെ ഭരണം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. ആറു വര്‍ഷം കൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിച്ചു. 10 വര്‍ഷം യുപിഎ ഭരിച്ചപ്പോള്‍ സാമ്പത്തിക ഭദ്രതയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്ന ഭാരതം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി. അതിര്‍ത്തികള്‍ സുരക്ഷിതമായി. 13 കോടി സഹോദരിമാരുടെ വീടുകളില്‍ ഗ്യാസെത്തിച്ചു. 2.5 കോടി ജനങ്ങള്‍ക്ക് വീടും വൈദ്യുതിയും നല്‍കി. എല്ലാ മേഖലകളിലും വികസനത്തിൻ്റെ സന്ദേശമെത്തിച്ചു. കേരളത്തിൻ്റെ അവസ്ഥയെന്താണ്.
കോവിഡ് വ്യാപനത്തില്‍ രാജ്യത്തിൻ്റെ 40 ശതമാനം കേരളത്തിലാണ്. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചു. സര്‍ക്കാരിന് സ്വര്‍ണകടത്തുകാരെ സംരക്ഷിക്കാനേ നേരമുള്ളൂ. കേരളത്തില്‍ 1,56,000 കോടിയുടെ വികസനപദ്ധതികളാണ് ആറുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. യുപിഎ പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എന്തു കൊണ്ടുവന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയണം. പിണറായി സര്‍ക്കാരിന് തങ്ങളുടെ വികസനകണക്കുകള്‍ അവതരിപ്പിക്കാമോ. എല്‍ഡിഎഫിനും യുഡിഎഫിനും കേരളത്തെ മുന്നോട്ടു നയിക്കാനാവില്ല. പുതിയകേരളം, ആത്മനിര്‍ഭര്‍ കേരളം സൃഷ്ടിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. അഞ്ചു വര്‍ഷം മോദിക്ക് നല്‍കിയാല്‍ ദൈവത്തിൻ്റെ സ്വന്തം നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നും അമിത്ഷാ പറഞ്ഞു