സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന്

0

ചങ്ങനാശ്ശേരി സീറ്റിൻ്റെ പേരില്‍ സിപിഐ തര്‍ക്കം പരിഹരിക്കാന്‍ നില്‍ക്കാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ ഘടകകക്ഷികളോടും അവസാന ഘട്ട ചര്‍ച്ച നടത്തി സമവായമായത്തിന്  ശേഷമാകും ഇടതുമുന്നണി യോഗം ചേരുക.

തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാകുമെന്ന് കരുതിയ സീറ്റ് ചര്‍ച്ച ചങ്ങനാശ്ശേരി എന്ന ഒറ്റ സീറ്റില്‍ തട്ടി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന ഉഭയകക്ഷി യോഗത്തിലും പരിഹാരമാകാതെ വന്നപ്പോഴാണ് എല്ലാവരോടും ഇന്ന് തന്നെ അവസാനവട്ട ചര്‍ച്ച നടത്താനും ഇടതുമുന്നണി യോഗം ചേരാനും തീരുമാനിച്ചത്. വൈകീട്ട് നാല് മണിക്കാണ് യോഗം.

അതിന് മു‌ന്നോടിയായി പ്രശ്‌ന പരിഹാരത്തിനായി സിപിഐയുമായും ജോസ് കെ മാണിയുമായും ചര്‍ച്ച നടത്തും. ഇരിക്കൂര്‍ ഉള്‍പ്പടെ മൂന്ന് സീറ്റ് ഉപേക്ഷിക്കുന്ന സിപിഐ 24 സീറ്റിലാകും മത്സരിക്കുക. കാഞ്ഞിരപ്പള്ളിക്ക് പകരമായി ചങ്ങനാശ്ശേരി തന്നെ വേണമെന്ന വാശിയിലാണ് സിപിഐ. അതിന് പകരം പൂഞ്ഞാര്‍ നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.