മന്ത്രി എകെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നും ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. സേവ് കമ്മ്യൂണിസത്തിൻ്റെ പേരില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിൻ്റെ പരിസരത്തുമാണ് പോസ്റ്ററുകള്‍.
മന്ത്രി എകെ ബാലൻ്റെ ഭാര്യ ഡോക്ടര്‍ പികെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് സിപിഎം നേതാക്കളേയും പ്രവര്‍ത്തകരേയും ഒരുപോലെ ചോടിപ്പിച്ചത്. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. സിപിഎമ്മിൻ്റെ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലും നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2001 മുതല്‍ എകെ ബാലന്‍ മത്സരിച്ച് ജയിച്ച് വന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്പര്യത്തിൻ്റെ പേരില്‍ മാത്രമാണ് ജമീലക്ക് സീറ്റ് നല്‍കുന്നതെന്നാണ് അണികള്‍ക്കിടയിലെ മുറുമുറുപ്പ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച നിലപാടെടുത്തതോടെയാണ് എകെ ബാലന് സീറ്റ് നഷ്ടമായത്. അതിന് പകരമാണ് സിപിഎം സംസ്ഥാന സമിതി എ കെ ബാലൻ്റെ ഭാര്യ ജമീലയെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് കൊണ്ടുവന്നത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്.