HomeIndiaബിജെപിയില്‍ ചേര്‍ന്ന് തൃണമൂല്‍ നേതാക്കള്‍

ബിജെപിയില്‍ ചേര്‍ന്ന് തൃണമൂല്‍ നേതാക്കള്‍

തെരഞ്ഞെടുപ്പ് ചൂടിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അസംതൃപ്തരായ നിരവധി നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുന്‍ എംപി ദിനേശ് ത്രിവേദി, ദിനേശ് ബജാജ്, ജട്ടു ലഹ്രി എന്നിവര്‍ ബിജെപിയില്‍ അംഗത്വമെടുത്തു കഴിഞ്ഞു. ദിനേശ് ത്രിവേദി നന്ദി കെട്ടവനാണെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രചാരണത്തിനായി ബംഗാള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലിക്കുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തി റാലിയിലേക്ക് ആളുകളെ ക്ഷണിക്കുന്നുണ്ട്. പത്ത് ലക്ഷത്തോളം പേരെയാണ് റാലിയില്‍ എത്തിക്കാന്‍ ബിജെപി ആലോചിക്കുന്നത്.

മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന നന്ദി ഗ്രാമില്‍ രണ്ട് മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് തൃണമൂലിനായി പ്രചാരണം നടത്തുകയാണ്. എന്നാല്‍ അസമില്‍ ആക്ടിവിസ്റ്റ് അഖില്‍ ഗോഗോയ് ജയിലില്‍ കിടന്നു കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശിവ്‌സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ റായ്‌ജോര്‍ ദളിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യുഎപിഎ ചുമത്തിയാണ് 2019ല്‍ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Most Popular

Recent Comments