പ്രതിപക്ഷ നേതാവിനെതിരെ ജെ മേഴ്‌സിക്കുട്ടിയമ്മ

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്നത് നുണപ്രചരണമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് ഗീബല്‍സാവാന്‍ തയ്യാറെടുക്കുകയാണോയെന്നും മന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിര്‍ഭാഗ്യകരമാണെന്നും വിഷയദാരിദ്ര്യമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി തുറന്നടിച്ചു. 2019ല്‍ ലഭിച്ച നിവേദനത്തിന് സര്‍ക്കാര്‍ ഒരു അനുകൂല നിലപാടും ഇതുവരെയായി എടുത്തിട്ടില്ല. 2019ല്‍ കിട്ടിയ നിവേദനത്തിന് സര്‍ക്കാര്‍ കാലാവധി കഴിയാറായ 2021 ഫെബ്രുവരി 2ന് എംഒയു എങ്ങനെ വന്നു എന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിക്കുന്നു.

ജനുവരിയില്‍ ആരംഭിച്ച പ്രതിപക്ഷ നേതാവിന്റെ ജാഥയും എംഒയുവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സമയത്ത് ഒരു കരാര്‍ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത്തരം നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാരറിയാതെ എന്തിനത് ചെയ്തുവെന്നും സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവാദനമുണ്ടാക്കാനായി ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഇതിനെ ഗൗരവമായി തന്നെയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ അഡ്രസ് ചെയ്യാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹതയാണുള്ളതെന്നും അവരെ പുനരധിവസിപ്പിച്ചത് ഈ സര്‍ക്കാരു തന്നെയാണെന്നും അവര്‍ക്ക് സര്‍ക്കാരിനെ നല്ലതുപോലെ അറിയാമെന്നും കമ്പനിക്ക് വിശ്വാസ്യതയില്ലെന്ന് ബോധ്യമായതിനാലാണ് പദ്ധതിക്ക് അനുമതി നല്‍കാത്തതെന്നും മന്ത്രി പറഞ്ഞു.