പുതുച്ചേരിയില്‍ ഇനി രാഷ്ട്രപതി ഭരണം ഏര്‍പ്പാടാക്കുന്നതിനുള്ള ഗവര്‍ണറുടെ ശുപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രി സഭ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തിമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. സര്‍ക്കാരുണ്ടാക്കാന്‍ കക്ഷികളാരും മുമ്പോട്ട് വരാത്ത സാഹചര്യത്തിലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു.
രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടന്‍ നിയമസഭ പിരിട്ടുവിടും. നാല് സംസ്ഥാനങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ടവും നിലവില്‍ വരുമെന്ന് മനത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടമായത്. 5 കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെ സര്‍ക്കാര്‍ ഭരണം നഷ്ടമാകുകയായിരുന്നു. രാജിവെച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു. കൂടുതല്‍ പേര്‍ വരുംം ദിവസങ്ങളില്‍ ബിജെപിയില്‍ അംഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.