ഷഹീന്‍ബാഗ് റോഡ് ഉപരോധ സമരത്തിനെതിരെ നടപടി എടുക്കാന്‍ ആകാത്തത് രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുമെന്ന ആശങ്കയില്‍ സംസ്ഥാന പൊലീസ് അധികൃതര്‍. ഏത് റോഡും ആര്‍ക്കും ദിവസങ്ങളോ മാസങ്ങളോ ഉപരോധിച്ചാലും പൊലീസ് നോക്കിനില്‍ക്കേണ്ടി വരുമോ എന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. കേസെടുത്താല്‍ ഷഹീന്‍ബാഗ് സമരത്തെ ചൂണ്ടിക്കാണ്ടി പ്രതിഷേധക്കാര്‍ കോടതിയില്‍ പോകുമോ എന്നതാണ് പ്രധാന ചോദ്യം. ആഴ്ചകള്‍ കടന്നിട്ടും ഷഹീന്‍ബാഗിലെ സമരം തുടരുകയാണ്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമ്പോഴും സമരക്കാര്‍ അയഞ്ഞിട്ടില്ല. ഇന്നലെ പ്രധാന പാത ഭാഗികമായി തുറന്നെങ്കിലും പിന്നീട് അതേ ചൊല്ലി സമരക്കാര്‍ക്കിടയില്‍ തന്നെ തര്‍ക്കമുണ്ടായി. ഇപ്പോള്‍ മധ്യസ്ഥരില്‍ ഒരാളായ വജാഹത്ത് അബ്ദുള്ള സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പൊലീസിനെ ചെറിയ തോതില്‍ കുറ്റപ്പെടുത്തിയും സമരക്കാര്‍ക്ക് അനുകൂലവുമാണ്. സമരം സമാധാനപരമാണെന്നും പൊലീസ് അനാവശ്യമായി ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും ചെയ്യുകയുമാണെന്ന് പറയുന്നു. സമരം ചെയ്യുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്നുണ്ട് സത്യവാങ്മൂലം. ഏതായാലും ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയെ ആശ്രയിച്ചിരിക്കും ഇനി പൊലീസ് നടപടികള്‍.