മന്ത്രിയുടെ പ്രതികരണം വിഷമുണ്ടാക്കുന്നത്: ഉദ്യോഗാര്‍ത്ഥികള്‍

0

നിയമനം നല്‍കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യത്തെ തുടര്‍ന്നാണ് മന്ത്രി കാണാനായി അനുവാദം നല്‍കിയത്.

എന്നാല്‍ അനുകൂല സമീപനമല്ല മന്ത്രിയില്‍ നിന്നുണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ റാങ്ക് എത്രയാണെന്ന് ചോദിച്ചു. റാങ്ക് ലിസ്റ്റ് പത്തുവര്‍ഷത്തേക്ക് നീട്ടിയാല്‍ കൂടി താങ്കള്‍ക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും മന്ത്രി ചോദിച്ചതായി ലയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് പേരുപറയാന്‍ അവര്‍ തയ്യാറായില്ല.