കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡി എന്‍ പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് നിയമമന്ത്രി എകെ ബാലന്‍. ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ചില സൂക്കേടുകള്‍ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടാകുമെന്നും ഇഎംസിസി കരാര്‍ വിഷയത്തിലും അത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും മന്ത്രി ആരോപിച്ചു.
മന്ത്രിക്ക് മെമ്മോറാണ്ടം കൊടുത്തയാള്‍ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ അത് എത്തിച്ചതെന്ന് ഇഎംസിസിയെ ലക്ഷ്യംവെച്ചും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് എംഒയു ഒപ്പിടാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. യുഡിഎഫ് ഭരണകാലത്ത് പരസ്പരം കൈകൊടുത്തത് പോലും എംഒയു ആക്കിയിട്ടുണ്ട്. എംഒയു ഒപ്പിട്ടെന്നു കരുതി കരാര്‍ ആവില്ലെന്നും സര്‍ക്കാരിന്റെ പ്രഖ്യാപിത മത്സ്യ നയത്തില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്ത് രാഹുല്‍ ഗാന്ധി വരുന്നതിന് മുന്നോടിയായി ജനവികാരം ഇളക്കിവിട്ട് ആളെ കൂട്ടുന്നതിനുള്ള പരിപാടിയാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും എകെ ബാലന്‍ വിമര്‍ശിച്ചു.