ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം സംബന്ധിച്ചുള്ള ധാരണയില്‍ ഉടന്‍ ഒപ്പുവെക്കും. ഗോഗ്രയില്‍ നിന്നുള്ള പിന്മാറ്റത്തിൻ്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ഹോട്‌സ്പ്രിങ്, ദേപ്‌സാങ് എന്നിവിടങ്ങളില്‍ സൈനിക പിന്മാറ്റത്തില്‍ ഒപ്പുവെക്കില്ലാന്നാണ് ലഭിക്കുന്ന സൂചന.
ഇന്ത്യ-ചൈന പത്താംവട്ട കമാണ്ടര്‍ തല ചര്‍ച്ചയിലാണ് ഗോഗ്രയില്‍ നിന്ന് കൂടി സൈനിക പിന്മാറ്റം നടത്താന്‍ ഒടുവില്‍ ധാരണയായത്. ഒമ്പതാം വട്ട ചര്‍ച്ചയില്‍ ധാരണയായതിനനുസരിച്ച് ലഡാക് പങ്ങോങ് സോയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പത്താം വട്ട ചര്‍ച്ചയിലേക്ക് കടന്നത്. എന്നാല്‍ ദേപ്‌സാങ്, ഹോട്‌സ്പ്രിങ്‌സ് ദേംചോക് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗോഗ്രയിലെ സൈനിക പിന്മാറ്റത്തെ സംബന്ധിച്ച രേഖയില്‍ ഇരു സൈനിക പ്രതിനിധികളും ഉടന്‍ ഒപ്പുവെക്കുമെന്നാണ് വാര്‍ത്തകള്‍.
16 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് ഗോഗ്രയുടെ കാര്യത്തില്‍ തീരുമാനമായത്. നിയന്ത്രണ രേഖയില്‍ നിന്ന് ചൈന അധീന മേഖലയിലെ മാല്‍ഡോവില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെയാണ് നീണ്ടത്. ഇന്ത്യന്‍ വിഭാഗത്തില്‍ മലയാളിയായ ലെഫ് ജനറല്‍ പിജികെ മേനോനും ചൈനയുടെ സംഘത്തിന് മേജര്‍ ജനറല്‍ ലിന്‍ ലിയുവുമാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.