ബിജെപി പ്രവേശനത്തെ കുറിച്ച് പരസ്യമായി തുറന്ന് പറഞ്ഞ മെട്രോ മാന്‍ ഇ ശ്രീധരനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്. ടെക്‌നോക്രാറ്റായി രാജ്യത്തിന് നല്‍കിയ സേവനങ്ങളുടേയും ഇ ശ്രീധരൻ്റെയും വലിയ ആരാധകനാണ് താനെന്നും കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബിജെപിയില്‍ അംഗമായതിലുംം താന്‍ വളരെയധികം ആവേശഭരിതനാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഇതല്‍പം പെട്ടെന്നായി പോയെന്നും 88 വയസല്ലേ പ്രായമായുള്ളൂ എന്നും അദ്ദേഹത്തിന് 10-15 വര്‍ഷങ്ങള്‍ കാത്തിരിക്കാമായിരുന്നുവെന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥ് അദ്ദേഹത്തെ പരിഹസിച്ചത്. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് മെട്രോ മാനെതിരെ ട്രോളിയത്.
മെട്രോ മാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപി പ്രവേശം ഉറപ്പിച്ചതിന് പിന്നാലെ വിവാദ പരാമര്‍ശങ്ങളും മെട്രോ മാനെ തേടിയെത്തുകയുണ്ടായി. താന്‍ സസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കാറില്ലെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നുമാണ് ശ്രീധരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ലവ്ജിഹാദ് കേരളത്തില്‍ നടക്കുന്നുവെന്നും അത്തരം കാര്യങ്ങളെ എതിര്‍ക്കണമെന്നും ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
ബിജെപിയെക്കുറിച്ചും ഇ ശ്രീധരന്‍ തൻ്റെ അഭിപ്രായം പങ്കുവെച്ചു. ബിജെപിയെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കുകയാണ്. ബിജെപി വര്‍ഗീയ കക്ഷിയല്ല. ദേശ സ്‌നേഹികളുടെ പാര്‍ട്ടിയാണത്. എല്ലാ സമുദായങ്ങളും തുല്യമാണെന്നാണ് മോദി സര്‍ക്കാരിൻ്റെ മനോഭാവം. അദ്ദേഹത്തിൻ്റെ പ്രസംഗത്തില്‍ താനുമത് കേട്ടിട്ടുണ്ട്. മോദി ഏതെങ്കിലും മതത്തെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ഇന്ന് ശ്രീധരന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.