കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി മുസ്ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. റാസഖുമായി യാതൊരുവിധ കൂടിക്കാഴ്ചയും മുസ്ലിം ലീഗ് നടത്തിയില്ല. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് സംശയിക്കുന്നതായി കെപിഎ മജീദ് പറഞ്ഞു.
ലീഗിലേക്ക് തിരിച്ചുവരണമെന്ന ചര്‍ച്ച ലീഗ് സംസ്ഥാന നേതാക്കന്‍മാരുടെ അടുത്ത് നിന്നുമുണ്ടായതായി കാരാട്ട് റസാഖ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിൻ്റെ നേതാക്കളാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയതെന്നും തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാദേശികമായിട്ടുള്ള ആളുകള്‍ ലീഗില്‍ നിന്നും പുറത്തുകടന്നതിന് ശേഷം എതിരാണെന്നും കാരാട്ട് റസാഖ് അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ഈ മാസം ആറിന് കോഴിക്കോട് വച്ച് ചര്‍ച്ച നടത്തിയെന്നാണ് കാരാട്ട് റസാഖ് പറഞ്ഞത്. കൊടുവള്ളിയില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാരാട്ട് റസാഖിനെ തന്നെ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് ലീഗിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നീക്കം നടക്കുന്നത്.