ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്‌റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ദിശയെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി പൊലീസ് കൂടുതല്‍ ദിവസം കസ്റ്റഡി ആവശ്യപ്പെടാനാണ് സാധ്യത. ജാമ്യം നല്‍കാന്‍ ദിശ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എഫ്‌ഐആര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദിശ രവി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും എന്‍ഹിഎസ്എക്കും നോട്ടീസ് നല്‍കിയിരുന്നു.
വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങളായ ടൈംസ് നൗ, ഇന്ത്യ ടുഡെ, ന്യൂസ് 18 എന്നിവക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരോധിത സംഘടനയായ ഖലിസ്ഥാന്‍ അനുകൂല കൂട്ടായ്മകളുമായി ദിശക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇവരോടൊപ്പം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറയുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന. സമൂഹത്തില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡല്ഡഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദിശ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. അഭിഭാഷകര്‍ ഹാജരാകാത്ത സാഹര്യത്തില്‍ ജുഡിഷ്യല്‍ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ വ്യക്തമാക്കി. ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാന്‍സിറ്റ് റിമാന്‍ഡ് പോലുമില്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത് എങ്ങനെയാണെന്നും അവര്‍ ചോദിക്കുന്നു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്തിട്ടില്ലാത്ത ടൂള്‍ കിറ്റ് പേരിലെ അറസ്്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.