HomeKeralaകൊച്ചിയിലെ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കൊച്ചിയിലെ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

നടന്‍ സലിം കുമാറിനെ കൊച്ചിയില്‍ നടക്കുന്ന ഐഎഫ്എഫ്‌കെയില്‍ ക്ഷണിക്കാത്തത്തിനെ തുടര്‍ന്ന് ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. എംപി ഹൈബി ഈഡനാണ് സലിം കുമാറില്ലെങ്കില്‍ ചലച്ചിത്രമേളയിലേക്ക് തങ്ങളുമില്ലെന്ന് അറിയിച്ചത്. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കുകയാണെന്നും ഹൈബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ സലിം കുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കാനായുള്ളവരുടെ പട്ടികയില്‍ ദേശീയ അവാര്‍ഡ് ജേതാവായ സലിം കുമാറിനെ ഉള്‍പ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകര്‍ അട്ടിമറിച്ചിട്ടുണ്ടെന്നും രാഷ്ട്രീയക്കളിയാണ് പിന്നിലെന്നും സലിം കുമാര്‍ അറിയിച്ചു.

സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം പറഞ്ഞത് തനിക്ക് പ്രായക്കൂടുതല്‍ കൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരിക്കുന്നത് എന്നായിരുന്നു. എന്നാല്‍ മേളയുടെ തിരി തെളിയിക്കുന്ന ആഷിഖ് അബുവും അമല്‍ നീരദും തന്റെ ഒപ്പംം മഹാരാജാസില്‍ പഠിച്ചതാണെന്നറിയിച്ചപ്പോള്‍ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തന്നും സലിം കുമാര്‍ ആരോപിച്ചു. പിന്നീടാണ് സംഘാടകരിലൊരാള്‍ തന്നെ വിളിച്ച് നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചത്. വിവാദമായപ്പോള്‍ വേണമെങ്കില്‍ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ച് ചോദിച്ചതെന്നും ഒഴിവാക്കിയത് കോണ്‍ഗ്രസുകാരനായതിനാലാണെന്നും സലിം കുമാര്‍ കുറ്റപ്പെടുത്തി. അവിടെ നടക്കുന്നത് സിപിഎം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്താന്‍ ഉള്ള ഉദ്ദേശമാണ്. അല്ലാത്തവരെ പുറത്താക്കും. അതിനായി ഓരോ ന്യായീകരണങ്ങള്‍ പറയുന്നു. എന്തുവന്നാലും മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും സലിം കുമാര്‍ വ്യക്തമാക്കി.

Most Popular

Recent Comments