ആര്‍എസ്എസ് നാസികളെ പോലെയാണ്: എച്ച്ഡി കുമാരസ്വാമി

0

അയോധ്യയിലെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുടേയും നല്‍കാത്തവരുടേയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടാരോപിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ജര്‍മനിയില്‍ നാസികള്‍ ചെയ്തതിന് സമാനമാണ് ആര്‍എസ്എസിന്റെ ഈ നടപടിയെന്നും കുമാരസ്വാമി ആരോപിച്ചു.

എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതിന്റെ ഉദ്ദേശമെന്നറിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണിതെന്നും കുമാരസ്വാമി തന്റെ ട്വീറ്റില്‍ അറിയിച്ചു.

ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപം കൊണ്ട അതേ കാലഘട്ടത്തില്‍ തന്നെയാണ് ഇന്ത്യയില്‍ ആര്‍എസ്എസും രൂപം കൊണ്ടെന്നത് ചരിത്രകാരന്മാരെ ഉദ്ദരിച്ചുകൊണ്ട് കുമാരസ്വാമി ചൂണ്ടിക്കാട്ടി. ആര്‍എസ്എസും നാസികളുടേതിന് സമാനമായ രീതികള്‍ അവലംബിക്കുമോ എന്ന് ഭയപ്പെടുകയാണെന്നും രാജ്യത്ത് മൗലികാവകാശങ്ങള്‍ അതുവഴി ലംഘിക്കപ്പെടുമെന്നും ആര്‍ക്കും സ്വന്തം അഭിപ്രായങ്ങളും വികാരങ്ങളും പങ്കുവെക്കാന്‍ കഴിയാത്ത അവസ്ഥ രാജ്യത്ത് സംജാതമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാന്ത്ര്യത്തെ കുറിച്ചുള്ള തന്‌റെ ആവലാതികളും അദ്ദേഹം പങ്കുവെച്ചു.