സമരം ചെയ്യുന്നത് കര്‍ഷകരല്ല: തുഷാര്‍ വെള്ളാപ്പള്ളി

0

രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തെ എതിര്‍ത്ത് ബിഡിജെഎസ് പ്രസിഡൻ്റ് തുഷാര്‍ വെള്ളാപ്പള്ളി. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും മറിച്ച് ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും പണം ഒഴുക്കിയാണെന്നും തുഷാര്‍.

കഴിഞ്ഞ ദിവസം ബിഡിജെഎസില്‍ നടന്ന പിളര്‍പ്പിനെയും പാര്‍ട്ടി അധ്യക്ഷനായ തുഷാര്‍ തള്ളിപ്പറഞ്ഞു. ബിഡിജെഎസ് പിളര്‍ന്നുവെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. സ്ഥാനമോഹികളായ ഏതാനും പേരാണ് ഇതിന് പിന്നിൽ.  ബിഡിജെഎസ് യുഡിഎഫിലേക്കില്ല.

നിലവില്‍ എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. അതുകൊണ്ട് തന്നെ സീറ്റുകള്‍ വെച്ച് മാറുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറഞ്ഞ സീറ്റുകള്‍ ലഭിച്ചത് പരാജയത്തിന് കാരണമായി. എസ്എന്‍ഡിപി സ്വതന്ത്ര സംഘടനയാണ്.  എസ്എന്‍ഡിപിയുടെ പ്രത്യക്ഷ പിന്തുണ ആര്‍ക്കുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം, കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരായി ജാതിയധിക്ഷേപം നടത്തിയതിനെ തുഷാര്‍ തള്ളിപ്പറഞ്ഞു. സുധാകരൻ്റെ പരാമര്‍ശം ശരിയായില്ല. ജാതി പറഞ്ഞ് വ്യക്തികളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തുഷാര്‍ വ്യക്തമാക്കി.