‘സുനാമിയും കത്വയും ഗുജറാത്തും ലീഗിന് പണം പിഴിയാനുള്ള ഉത്സവം മാത്രം’

0

കത്വ -ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് നിയമസഹായം ലഭിക്കാന്‍ വേണ്ടി പിരിച്ച തുക യൂത്ത് ലീഗി ദുര്‍വിനയോഗം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ അടുത്ത കാലത്താണ് തുടങ്ങിയിരിക്കുന്നത്. കണക്കവതരിപ്പിക്കാന്‍ നില്‍ക്കവെ ഒരു രൂപ എന്തിന് ചെലവഴിച്ചെന്നറിയാതെ തേങ്ങിക്കരഞ്ഞ കെഎം സീതി സാഹിബിനെ ലീഗുകാര്‍ ഒന്ന് ഓര്‍ക്കുന്നത് നന്നാകുമെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

20 വര്‍ഷത്തെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ഇഡി, പത്തു പൈസയുടെ പിശക് കണ്ടെത്താനാകാതെ അന്തംവിട്ട് നിന്നത്, കെഎം സീതി സാഹിബ് എന്ന കനല്‍ ഇന്നും അക കാമ്പില്‍ എവിടെയൊക്കെയോ എരിയുന്നത് കൊണ്ടാണ്. എല്ലാ അപവാദ പ്രചാരകര്‍ക്കും കാലം കരുതി വെച്ച കാവ്യനീതി പുലരുന്നത് കാണാന്‍ ഇമ്മിണി വലിയ ചേലുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

സുനാമിയും ഗുജറാത്തും കത്വയും രോഹിത് വെമുലയുമെല്ലാം ലീഗിലെ ചില പിഴിയന്‍മാര്‍ക്ക് പണപ്പിരിവനുള്ള വെറും ഉത്സവങ്ങള്‍ മാത്രമാണ്. ഇല്ലാത്ത ഇഞ്ചി കൃഷയുടേയും പറമ്പ് കച്ചവടത്തിന്റെയും ഭാര്യവീട്ടുകാരുടെ ഊതിപ്പെരുപ്പിച്ച സാമ്പത്തിക ഭദ്രതയുടെ ഇല്ലാകഥകളുടെ മറവിലും സുഖലോലുപരും ആഢംബര പ്രിയരുമാകാന്‍ ഒരു നേതാവിനേയും ആത്്മാര്‍ത്ഥതയുള്‌ല ലീഗു പ്രവര്‍ത്തകര്‍ അനുവദിക്കരുത്. വേലയും കൂലിയുമില്ലാത്ത മൂത്തന്‍മാരും യൂത്തന്‍മാരും കൂറ്റന്‍ ബംഗ്ലാവുകള്‍ പണിയുമ്പോഴും വിലയേറിയ കാറുകളില്‍ മലര്‍ന്നു കിടന്ന് ചീറിപ്പാഞ്ഞ് പോകുമ്പോഴും വന്‍ ബിസിനസ്സുകളുടെ അമരത്തിരുന്ന് ലക്ഷങ്ങള്‍ ‘ഗുഡ് വില്‍’ പറ്റി വിലസുമ്പോഴും ഇവയെല്ലാം സ്വന്തമാക്കാനുള്ള ‘വക’ എവിടെ നിന്നാണ് ഇത്തരക്കാര്‍ക്ക് കിട്ടിയതെന്ന് ഇനിയെങ്കിലും സാധാരാണ ലീഗുകാര്‍ ചോദിക്കാന്‍ തുടങ്ങണമെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ രാജിവെപ്പിക്കാന്‍ നടത്തിയ കാസര്‍ഗോഡ്-തിരുവനന്തപുരം കാല്‍നട വാഹന വിനോദ യാത്രക്കുള്ള ചെലവ് കണ്ടെത്തിയത് പാവം ആസിഫയുടെ കണ്ണീര്‍ കണങ്ങളില്‍ ചവിട്ടിയാണെന്നത് എത്രമാത്രം ക്രൂരമാണെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

യൂത്ത് ലീഗിന്റെ മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനും പികെ ഫിറോസിനുമെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കമ്മിറ്റിയില്‍ 48 ലക്ഷം രൂപ പിരിച്ചു എന്ന അനൗദ്യോഗിക കണക്കുമാത്രമാണ് പറഞ്ഞത്. ലഭിച്ച തുകയുടെ രേഖകളോ വിശദാംശങ്ങളോ ഒരു അവസരത്തിലും വെളിപ്പെടുത്തിയിരുന്നില്ലെന്നും കണക്ക് ചോദിച്ചപ്പോള്‍ പറഞ്ഞത് കേരളയാത്രയുടെ കടംതീര്‍ക്കാന്‍ 15 ലക്ഷം രൂപ പികെ ഫിറോസിന് നല്‍കിയെന്നാണെന്നും യൂസഫ് പടനിലം വ്യക്തമാക്കി.